Kerala

സംസ്ഥാനത്ത് ആദ്യം ; സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി കന്യാസ്ത്രീ

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ ആയ ആദ്യ കന്യാസ്ത്രീ എന്ന നേട്ടം സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ട് എന്ന സന്യാസി സമൂഹത്തിലെ അംഗം സിസ്റ്റര്‍ ജീന്‍ റോസിന്. ഡിസംബറിലാണ് ഇടുക്കി ജില്ലയിലെ മറയൂരിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ (എഫ്എച്ച്‌സി) ഇവര്‍ മെഡിക്കല്‍ ഓഫീസര്‍ ആയി ചുമതല ഏറ്റെടുത്തത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സഹായിക്കാനുള്ള തന്റെ ആഗ്രഹം നിറവേറ്റിയതായി ഡോ. ജീന്‍ റോസ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മറയൂര്‍ ബ്ലോക്കിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രം ഏകദേശം 25 ആദിവാസി ഗ്രാമങ്ങളുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതായും സിസ്റ്റര്‍ ജീന്‍ റോസ് പറഞ്ഞു.

‘ഈ കേന്ദ്രം എല്ലാ ദിവസവും ഏകദേശം 200 രോഗികള്‍ക്ക് സേവനം നല്‍കുന്നു. ഗ്രാമങ്ങളിലെ ആദിവാസി ജനതയുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.’- സിസ്റ്റര്‍ ജീന്‍ റോസ് കൂട്ടിച്ചേര്‍ത്തു. ബംഗലൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ജീന്‍ റോസ് എംബിബിഎസും എംഡിയും നേടിയത്. അനസ്‌തേഷ്യോളജിയില്‍ സ്‌പെഷ്യലൈസ് ചെയ്ത അവര്‍ എംബിബിഎസും എംഡിയും നേടി. അനസ്‌തേഷ്യ വിഭാഗത്തിലായിരുന്നു ഉപരിപഠനം. പള്ളി ഉടമസ്ഥതയിലുള്ള ആശുപത്രികളിലോ സ്ഥാപനങ്ങളിലോ മെഡിക്കല്‍ ബിരുദമുള്ള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പ്രവേശിക്കുന്നതാണ് പതിവ് രീതി. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു കന്യാസ്ത്രീ ചുമതലയേല്‍ക്കുന്നത്. ‘കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് നഴ്സായി വിരമിച്ച കോണ്‍വെന്റിലെ എന്റെ മുന്‍ സുപ്പീരിയറിന്, നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരാണ് പിഎസ്‌സി പരീക്ഷ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞാന്‍ പരീക്ഷ പാസായി. ഈ കേന്ദ്രത്തില്‍ നിയമിക്കപ്പെട്ടു,’ – സിസ്റ്റര്‍ ജീന്‍ റോസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button