അനധികൃത സ്വത്ത് സമ്പാദനം; കെഎം എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. കേസെടുത്തത് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമെന്നാണ് വിവരം. എഫ്‌ഐആര്‍ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിക്കും.
മുംബൈയിലെ 3 കോടി വിലയുള്ള അപ്പാര്‍ട്ട്‌മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കം കെ.എം എബ്രഹാം സമ്പാദിച്ച ആസ്തികള്‍ വരവില്‍ കവിഞ്ഞ സ്വത്താണ് എന്നാണ് ആരോപണം. പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലന്‍സായിരുന്നു. അന്ന് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥര്‍ കെ.എം എബ്രഹാമിന്റെ വീട്ടില്‍ കയറി പരിശോധന നടത്തിയത് വലിയ വിവാദമായി. പെന്‍ ഡൗണ്‍ സമരം നടത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിച്ചത്.
ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയതോടെ കെഎം എബ്രഹാമിന് കേസില്‍ ക്ലീന്‍ ചീറ്റ് കിട്ടി. തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി 2017 ല്‍ തള്ളി. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ 2018 ല്‍ ഹൈക്കോടതിയെ സമീപിച്ചു. 2025 ഏപ്രില്‍ 11 ന് കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എബ്രഹാമിനെ രക്ഷിക്കാന്‍ ആസൂത്രിത ശ്രമം നടന്നതായി കോടതി വിലയിരുത്തി. വരവില്‍ കവിഞ്ഞ സ്വത്തിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്നും കോടതി പറഞ്ഞു.
കശ്മീര്‍ വിഷയം: ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് ഇറാന്