അനധികൃത സ്വത്ത് സമ്പാദനം: അജിത്ത് കുമാറിന്റെ ഹര്‍ജിയില്‍ അന്‍വറിനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടു തനിക്കെതിരെയുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന എക്‌സൈസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാറിന്റെ ഹര്‍ജിയില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത അന്‍വറിനെ കക്ഷിയാക്കരുതെന്ന അജിത് കുമാറിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണു കോടതി നടപടി. അതിനിടെ, വിജിലന്‍സ് കോടതി ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജികള്‍ വീണ്ടും ഈ മാസം 25ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തില്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് തള്ളി തുടര്‍ നടപടികള്‍ക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെയും പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. നെയ്യാറ്റിന്‍കര പി നാഗരാജ് നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് കോടതി നടപടി. തുടര്‍ന്നാണ് ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ കക്ഷി ചേരണമെന്ന അന്‍വറിന്റെ അപേക്ഷ അനുവദിക്കരുതെന്നും മുന്‍ എംഎല്‍എ കേസുമായി ബന്ധമില്ലാത്ത കക്ഷിയാണെന്നും അജിത്കുമാര്‍ വാദിച്ചു. നീതീകരിക്കാനാവാത്ത തന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയാത്തതിനാല്‍ സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാന്‍ അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നയാളാണ് അന്‍വര്‍ എന്നുമായിരുന്നു അജിത് കുമാറിന്റെ വാദം.


