IFFK രണ്ടാം ദിനം ; പ്രദർശനത്തിനെത്തുക 72 ചിത്രങ്ങൾ, ലിസ്റ്റിൽ ഈഗ്ൾസ് ഓഫ് ദി റിപ്പബ്ലിക്ക് മുതൽ നിർമാല്യം വരെ

30-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച സിനിമാപ്രേമികൾക്ക് മുന്നിലേക്ക് എത്തുക 72 ചിത്രങ്ങൾ. ഹോമേജ് വിഭാഗത്തിൽ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നിർമാല്യം’, ഇറ്റാലിയൻ സംവിധായകൻ ഫെഡറികോ ഫെല്ലിനിയുടെ ഓസ്കാർ ചിത്രം 8 ആൻഡ് ഹാഫ്, സ്വീഡിഷ് സംവിധായകൻ താരിഖ് സാലേഖിന്റെ ഈഗ്ൾസ് ഓഫ് ദി റിപ്പബ്ലിക്ക് എന്നിവ നാളെ ഐഎഫ്എഫ്കെ തിരശീലയിൽ തെളിയും.
വൈകീട്ട് 3 മണിക്ക് ചെക്കോസ്ലോവാക്യൻ നവതരംഗ വിഭാഗത്തിലെ പ്രശസ്ത സിനിമകളിൽ ഒന്നായ ജിറി മെൻസലിന്റെ ക്ലോസ്ലി വാച്ചഡ് ട്രെയിൻസ് ന്യൂ തീയേറ്ററിൽ പ്രദർശിപ്പിക്കും. ഓസ്കാർ നേടിയ ഈ ചിത്രം ജർമൻ അധിനിവേശ കാലത്തെ ചെക്കോസ്ലോവാക്യയിൽ രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഒരു റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന യുവാവിന്റെ കഥയാണ് പറയുന്നത്. 2025 കാനിൽ തിളങ്ങിയ ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലെമിംഗോ വൈകിട്ട് 6 ന് ശ്രീ പദ്മനാഭ തിയേറ്ററിൽ പ്രദർശിപ്പിക്കും. ഡീഗോ സെസ്പെഡസ് ആണ് ഈ സിനിമ സംവിധാനം ചെയ്തത്. മഹാമാരിക്കിടെ അതിജീവനത്തിനായി പോരാടുന്ന 12- കാരിയുടെ കഥയാണ് ചിത്രം പറയുന്നത്.
വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു മോഷണത്തിന്റെ കഥ പറയുന്ന കെല്ലി റെയ്ച്ചർട്ടിന്റെ ദി മാസ്റ്റർമൈൻഡും നാളെ പ്രദർശിപ്പിക്കും. മാതൃത്വത്തിന്റെ സങ്കീർണതകളും പോസ്റ്റ്പാർട്ടം ഡിപ്രഷനും കേന്ദ്ര വിഷയങ്ങളായ ലിയെൻ റാംസെയുടെ ഡൈ മൈ ലൗ കൈരളി തീയറ്ററിൽ രാത്രി 8.45 നാണ് പ്രദർശിപ്പിക്കുക. ലോക സിനിമ വിഭാഗത്തിൽ പപ്പ ബൂക, ഫ്രാൻസ്, ആൽഫ എന്നിങ്ങനെ ഒരുപിടി വ്യത്യസ്തമായ ചിത്രങ്ങളും നാളെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.
ഫുൾ പ്ലേറ്റ്, ബ്ലാക്ക് റാബിറ്റ്സ് വൈറ്റ് റാബിറ്റ്സ്, ഇഫ് ഓൺ എ വിന്റെഴ്സ് നൈറ്റ്, ദി ഹീഡ്ര, ബിഫോർ ദി ബോഡി എന്നീ ചിത്രങ്ങൾ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ നാളെ പ്രദർശിപ്പിക്കും. തൊഴിലിടങ്ങളിലെ മത്സരബുദ്ധിയും ജീവിത നിലവാരം നിലനിർത്താൻ നടത്തുന്ന തത്രപ്പാടുകളും പ്രമേയമാക്കിയ പാർക്ക് ചാൻ വുകിന്റെ നോ അദർ ചോയ്സ് വൈകിട്ട് 6 ന് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. ഹമാസ് നിയന്ത്രിത ഗാസയിൽ സുഹൃത്തിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ നടക്കുന്ന യുവാവിന്റെ കഥ പറയുന്ന വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ വൈകീട്ട് മൂന്ന് മണിക്ക് ഏരീസ് പ്ലക്സിൽ പ്രദർശിപ്പിക്കും. ടാർസൺ, അറബ് നാസർ എന്നിവർ ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തത്. നാളെ ഉച്ചയ്ക്ക് 2.30ന് വിഖ്യാത ഇറാനിയൻ സംവിധായകൻ മൊഹമ്മദ് റൂസാലാഫുമായുള്ള പ്രത്യേക ചർച്ചയും അരങ്ങേറും. നിള തീയറ്ററിലാണ് പരിപാടി നടക്കുക.



