
30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐഎഎഫ്എഫ്കെ ഡിസംബർ 12 മുതൽ 19 വരെ വിവിധ തിയേറ്ററുകളിലായി അരങ്ങേറും.
പൊതു വിഭാഗത്തിനു ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്കു ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഡിലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാർഥികൾ, ഫിലിം സൊസൈറ്റി, ഫിലിം ആൻഡ് ടിവി പ്രൊഫഷണൽസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓൺലൈനായി രജിസ്ട്രേഷൻ നടത്താം. നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിനു മേളയുടെ മുഖ്യ വേദിയായി ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റ് സെൽ സജ്ജീകരിച്ചിട്ടുണ്ട്.
ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗം, സമകാലിക ഇന്ത്യൻ സിനിമ, മലയാളം സിനിമ ഇന്ന്, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്കു സ്മരണാഞ്ജലിയർപ്പി ഹോമേജ് വിഭാഗം സിനിമകൾ 30ാമത് ഐഎഫ്എഫ്കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംവിധായകർ, സാങ്കേതിക പ്രവർത്തകർ, ജൂറി അംഗങ്ങൾ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും. മേളയുടെ ഭാഗമായുള്ള ഓപ്പൺ ഫോറം, മീറ്റ് ദി ഡയറക്ടർ, ഇൻ കോൺവർസേഷൻ, എക്സിബിഷൻ, കലാ- സാംസ്കാരിക പരിപാടികളും അരങ്ങേറും.



