ശ്വാസം മുട്ടുന്നെങ്കില്‍ പാര്‍ട്ടി വിടണം; ശശി തരൂരിനെതിരെ കെ.മുരളീധരന്‍

0

ശശി തരൂര്‍ എംപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്നെങ്കില്‍ പാര്‍ട്ടി വിടണമെന്നും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. നിലവിലെ തരത്തില്‍ മുന്നോട്ടുപോകുന്നത് പാര്‍ട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.തരൂര്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു. മോദിയെയും പിണറായിയെയും സ്തുതിക്കുന്നു. തരൂര്‍ വിഷയം ഇനി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിച്ചു.

തരൂരിന് രണ്ട് വഴികളാണ് ഇപ്പോള്‍ മുന്നില്‍. ഒന്നുകില്‍ പാര്‍ട്ടിക്ക് വിധേയനാകണം, പാര്‍ട്ടി നല്‍കിയ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അവ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലായിരിക്കണം. എല്ലാ അഭിപ്രായങ്ങളും അംഗീകരിക്കണമെന്നില്ല. ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍, തരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വം തന്നെ ഇല്ലാതാകാന്‍ സാധ്യതയുണ്ട്” എന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആറുമാസക്കാലമായി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങള്‍ നടത്തുമ്പോഴും പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. നാലാംവട്ടം തിരുവനന്തപുരത്തുനിന്നും വിജയിച്ചവേളയില്‍ പാര്‍ലമെന്റില്‍ ഉപനേതാവായി പരിഗണിക്കപ്പെടുമെന്ന് തരൂര്‍ കരുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തരൂരിന്റെ ആഗ്രഹങ്ങള്‍ക്കൊപ്പമായിരുന്നില്ല. വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും ദേശീയതലത്തില്‍ തരൂരിന് ചുമതലകള്‍ ഒന്നും നല്‍കിയിരുന്നില്ല. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും തരൂരിനെ മാറ്റിയതും, യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലവേണമെന്ന തരൂരിന്റെ ആവശ്യം തള്ളിയതും അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി. ദേശീയ നേതൃത്വം നിരന്തരമായി അവഗണിക്കുന്നുവെന്നായിരുന്നു തരൂരിന്റെ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here