മസാല ബോണ്ടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ കുറ്റക്കാരെ കണ്ടെത്തും; രമേശ് ചെന്നിത്തല

മസാല ബോണ്ടിലെ ഇഡി നോട്ടീസില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓരോ തിരഞ്ഞെടുപ്പിലും നോട്ടീസ് അയക്കുന്നത് സിപിഐഎമ്മിനെ സഹായിക്കാനാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇഡിയും ഇല്ല നോട്ടീസുമില്ല. പിന്നില്‍ സിപിഐഎം-ബിജെപി അന്തര്‍ധാരയാണ്. മസാല ബോണ്ടില്‍ അഴിമതിയെന്നും ഇന്നല്ലെങ്കില്‍ നാളെ കുറ്റക്കാരെ കണ്ടെത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മന്ത്രിമാരിലേക്ക് അന്വേഷണം എത്തുമെന്നും മുന്‍ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇഡി നോട്ടീസില്‍ വിശദീകരണവുമായി കിഫ്ബി സിഇഒ ഡോ. കെ എം അബ്രഹാം രംഗത്തുവന്നു. ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇ.ഡി യുടെ ആരോപണങ്ങള്‍ വസ്തുത വിരുദ്ധമാണെന്നും കിഫ്ബി സിഇഒ പറഞ്ഞു.മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ല. ആര്‍ബിഐ നിര്‍ദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയ്യാറെന്നും സിഇഒ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഡി നടപടികള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും കിഫ്ബി ആരോപിച്ചു. നോട്ടീസുകള്‍ അയക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്. നോട്ടീസുകള്‍ അയച്ചത് 2021ലെ നിയമസഭാ, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ആണ്. സര്‍ക്കാരിനെതിരായ പ്രചാരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടീസുകളുടെ വിവരം മാധ്യമങ്ങള്‍ക്കും കിഫ്ബി ആരോപിക്കുന്നു.
കിഫ്ബി മസാലാ ബോണ്ട് ഇടപാടില്‍ ഫെമ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്. നേരിട്ടോ അല്ലാതെയോ മറുപടി നല്‍കണമെന്നാണ് നോട്ടീസ്. മുന്‍ ധനമന്ത്രി ഡോക്ടര്‍ ടി എം തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും ഇ ഡി നോട്ടിസ് നല്‍കിയിട്ടുണ്ട്.
ഇഡിയുടേത് ബിജെപിയ്ക്കുള്ള പാദസേവയെന്ന് തോമസ് ഐസക് പ്രതികരിച്ചു. ലാവലിന്‍ കമ്പനിക്ക് നല്‍കിയ പ്രത്യുപകാരമാണ് മസാല ബോണ്ട് എന്നാണ് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.



