KeralaNews

പീരുമേട്ടിലെ സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ല, കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കി പീരുമേട്ടില്‍ സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍. സീത കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്.

അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് പറയുന്നു. കൃത്യമായ ആസൂത്രണം കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നു. പൊലീസിനുണ്ടായ സംശയമാണ് മരണം കൊലപാതകമാണെന്നതിലേയ്ക്ക് എത്തിച്ചേരുന്നത്. സീതയുടെ ശരീരത്തില്‍ കാട്ടാന ആക്രമിച്ചതിന്റെ വലിയ മുറിപ്പാടുകളൊന്നും കാണാത്തത് കൊണ്ട് തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു.

സീതയെ ശക്തമായി അടിക്കുകയും തല രണ്ട് തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്. സീതയെ പാറയിലൂടെ വലിച്ചിഴച്ചു. ഇരുഭാഗത്തെയും ആറ് വാരിയെല്ലുകള്‍ക്ക് പരിക്കുണ്ട്. മൂന്ന് വാരിയെല്ലുകള്‍ ശ്വാസകോശത്തിലേക്ക് തറച്ച് കയറിയെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ വ്യക്തമാകുന്നുണ്ട്. അതേസമയം, പ്രാഥമികമായി ഭർത്താവ് ബിനു തന്നെയാണ് സീതയെ മർദിച്ചതെന്നാണ് നിഗമനം.

ബിനുവിനൊപ്പമാണ് സീത വനത്തിലേക്ക് പോയിരുന്നത്. ഒറ്റയാനാണ് തന്റെ ഭാര്യയെ കൊന്നതെന്നാണ് ബിനു പൊലീസിനോട് ആവർത്തിച്ച് പറയുന്നത്. എന്തിനുവേണ്ടിയാണ് കൊലപാതകം ചെയ്തത് എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button