മിനിമം ബാലന്‍സ് 50,000 രൂപയായി ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്

മിനിമം ബാലന്‍സ് കുത്തനെ ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്.ആഗസ്റ്റ് 1 മുതല്‍ എല്ലാ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുമുള്ള പ്രതിമാസ മിനിമം ശരാശരി ബാലന്‍സ് ആവശ്യകത വര്‍ധിപ്പിച്ചു. ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന നിബന്ധന ബാധകമാവുക ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ സേവിങ്‌സ് അക്കൗണ്ടുകള്‍ എടുത്ത ഉപയോക്താക്കള്‍ക്കാണ്.
മെട്രോ, നഗര പ്രദേശങ്ങളില്‍ മിനിമം ബാലന്‍സ് 50,000 രൂപയും അര്‍ധ നഗരപ്രദേശങ്ങളില്‍ 25,000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 10,000 രൂപയുമാണ് നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ്. അഞ്ചിരട്ടി വര്‍ധനയാണ് പുതുക്കിയ ഘടന പ്രകാരം നിലവില്‍ വന്നിരിക്കുന്നത്. പുതിയ വര്‍ധനയോടെ ഇന്ത്യന്‍ ബാങ്കുകളില്‍ എറ്റവും കൂടുതല്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടത് ഐസിഐസിഐ ബാങ്കിനാണ്.
ആദ്യം മെട്രോ, നഗര പ്രദേശങ്ങളിലെ സേവിങ്‌സ് അക്കൗണ്ട് ഉടമകളുടെ മിനിമം ബാലന്‍സ് 10,000 രൂപയായിരുന്നു. സെമി അര്‍ബന്‍ ബ്രാഞ്ച് ഉപഭോക്താക്കളുടേത് 5,000 രൂപയും ഗ്രാമീണ ശാഖകള്‍ക്ക് 2,500 രൂപയുമായിരുന്നു മിനിമം അക്കൗണ്ട് ബാലന്‍സ്. ഓഗസ്റ്റ് ഒന്നു മുതല്‍ പുതുക്കിയ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുന്ന ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് പുതുക്കിയ ഫീസ് ഷെഡ്യൂള്‍ അനുസരിച്ച് പിഴ ചുമത്തും.
മിനിമം ശരാശരി ബാലന്‍സ് നിലനിര്‍ത്താത്ത ഉപഭോക്താക്കള്‍ക്ക് കുറവിന്റെ 6 ശതമാനം അല്ലെങ്കില്‍ 500 രൂപ, ഏതാണോ കുറവ് അത് പിഴയായി ചുമത്തും. ചാര്‍ജുകള്‍ ഒഴിവാക്കാന്‍ അക്കൗണ്ട് ഉടമകള്‍ അവരുടെ ബാലന്‍സ് പരിശോധിച്ച് മിനിമം ബാലന്‍സ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബാങ്ക് നിര്‍ദേശിച്ചു.