
കോഴിക്കോട് പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യക്കുറിപ്പ് പുറത്ത്. ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ മനസമാധാനമില്ലെന്നാണ് മരിച്ച ജിസ്നയുടെ ആത്മഹത്യക്കുറിപ്പിലുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജിസ്നയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ജിസ്നയെ ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കുടുംബം ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജിസ്നയെ ഭർത്താവ് ശ്രീജിത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷം മുൻപ് വിവാഹിതരായ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന ശ്രീജിത്തിന് ജിസ്നയുടെ കുടുംബം ഒരു ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പയെടുത്ത് നൽകിയിരുന്നു.
ഇതിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ജിസ്നയുടെ മരണ വിവരം അറിയിക്കാൻ പോലും ശ്രീജിത്തും ബന്ധുക്കളും തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട്ജിസ്‌നയുടെ കുടുംബം ബാലുശ്ശേരി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.