
ഹണിമൂണിനിടെ വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായി പൊലീസ്. ഇൻഡോർ സ്വദേശിയായ രാജാ രഘുവംശിയെ (29) ആണ് ഭാര്യ സോനം (24) കൊലപ്പെടുത്തിയത്. കൊലപാതകം നടത്താൻ സഹായിച്ചെന്ന് കരുതുന്ന രാജ് സിങ് കുഷ്‌വാഹയുമായി സോനം അടുപ്പത്തിലായിരുന്നു. സോനത്തിന്റെ കുടുംബ ബിസിനസുകളുടെ അക്കൗണ്ടന്റായിരുന്നു രാജ് സിങ്. ഇയാളുമായുള്ള വിവാഹബന്ധത്തെ എതിർത്ത കുടുംബം രാജാ രഘുവംശിയുമായി വിവാഹം നടത്തി. വിവാഹത്തിന്റെ നാലാം ദിനം സോനം വീട്ടിലേക്ക് പോയി. ഈ ഘട്ടത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
കഴിഞ്ഞ ദിവസം സോനം ഉത്തർപ്രദേശ് പൊലീസിൽ കീഴടങ്ങി. കൊലപാതകത്തിന് സഹായിച്ച രാജിനെയും നാല് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജാ രഘുവംശിയുടെ സംസ്കാര ചടങ്ങുകളിൽ സോനത്തിന്റെ പിതാവിനൊപ്പം രാജ് സിങ് പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചു. വിവാഹ ആഭരണങ്ങളെല്ലാം ധരിച്ചാണ് ദമ്പതികൾ ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. രാജാ രഘുവംശി ധരിച്ച ഡയമണ്ട് മോതിരത്തിനും മാലയ്ക്കും 10 ലക്ഷം രൂപയിലധികം വിലയുണ്ട്. രാജ് സിങിന്റെ അമ്മ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സോനമാണ് ആഭര ണങ്ങൾ എല്ലാം ധരിക്കാന്‍ നിർദേശിച്ചതെന്നായിരുന്നു മറുപടി. ആഭരണങ്ങൾ കൊലപാതകികൾ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു.