Blog

ധർമസ്ഥലയെ അപകീർത്തിപ്പെടുത്തുന്നു: കർണാടകയിൽ ഹിന്ദു ആക്ടിവിസ്റ്റുകളുടെ പ്രതിഷേധ റാലി

കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായ നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശരീരം ദഹിപ്പിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ടെന്ന മഞ്ചുനാഥസ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുന്നതിനിടെ ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി തീവ്രഹിന്ദു ആക്ടിവിസ്റ്റുകളും ബിജെപി അനുകൂലികളും രംഗത്ത്. കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ പ്രതിഷേധ റാലികള്‍ നടന്നു.

ചിക്കമംഗളുരുവില്‍ ബിജെപി അനുകൂലികളുടെയും തീവ്രഹിന്ദു ആക്ടിവിസ്റ്റുകളുടെയും പ്രതിഷേധ മാര്‍ച്ച് നടന്നു. രണ്ടായിരത്തിലധികം പേരാണ് താലൂക്ക് ഓഫീസ് മുതല്‍ ആസാദ് പാര്‍ക്ക് വരെ രണ്ടുകിലോമീറ്റര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. ഭക്തിഗാനങ്ങള്‍ ആലപിച്ചും ഡ്രംസ് വായിച്ചും സ്ത്രീകളടക്കം പ്രതിഷേധ മാര്‍ച്ചില്‍ പങ്കുചേര്‍ന്നു. ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താനുളള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്. കൊപ്പലിലും യാദ്ഗിറിലും മൈസുരുവിലും കലബുറഗിയിലും സമാനമായ പ്രതിഷേധ പ്രകടനങ്ങളുണ്ടായി.

യാദ്ഗിറില്‍ സുഭാഷ് സര്‍ക്കിളില്‍ നിന്നും ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്കാണ് റാലി നടന്നത്. ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തുന്ന ഗിരീഷ് മട്ടന്നവര്‍, മഹേഷ് ഷെട്ടി തിമറോടി, യൂട്യൂബര്‍ സമീര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. മൈസുരുവില്‍ ധര്‍മസ്ഥലയിലെ ധര്‍മാധികാരി വീരേന്ദ്ര ഹെഗ്‌ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുളള പ്ലക്കാര്‍ഡുകളുമായാണ് ഹിന്ദു ആക്ടിവിസ്റ്റുകള്‍ പ്രതിഷേധത്തിനെത്തിയത്. എസ്‌ഐടി അന്വേഷണത്തില്‍ സുതാര്യത വേണമെന്നും ഹിന്ദു ക്ഷേത്രങ്ങള്‍ സംരക്ഷിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. കലബുറഗിയില്‍ ഹിന്ദു സംഘടനകളും കന്നഡ സംഘടനകളുമാണ് പ്രതിഷേധ റാലി നടത്തിയത്. മുന്‍ ബിജെപി എംഎല്‍എ ദത്താത്രേയ പാട്ടീലും പങ്കെടുത്തു. ധര്‍മസ്ഥലയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്താന്‍ ശ്രമിക്കുന്ന യൂട്യൂബര്‍മാര്‍ക്കും മറ്റ് വ്യക്തികള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button