നാഗാലാൻഡ്, അസം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി സൈന്യം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സൈന്യം മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഓപ്പറേഷൻ ജൽ രാഹത് രണ്ടിന്‍റെ ഭാഗമായി 4000 ഓളം പേരെ മഴക്കെടുതിയിൽ നിന്നും സൈന്യം രക്ഷിച്ചു. 2095 പേർക്ക് വൈദ്യസഹായം എത്തിക്കുകയും ചെയ്തു. അസം റൈഫൾസും എൻഡിആർഎഫും എസ്ഡിആർഎഫുമായി ചേർന്നാണ് സൈന്യത്തിന്‍റെ രക്ഷാപ്രവർത്തനം.
ത്രിപുരയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. ആയിരത്തിലധികം ആളുകളെ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 91 ആയി. കാണാതായ 34 പേർക്ക് വേണ്ടി ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് തെരച്ചിൽ തുടരും. പ്രളയബാധിത മേഖലകളിലുള്ളവരെ പ്രത്യേക പാക്കേജിലൂടെ മാറ്റിപ്പാർപ്പിക്കാൻ കേന്ദ്രസഹായം തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഉത്തരാഖണ്ഡിലും മഴക്കെടുതി തുടരുകയാണ്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് സംസ്ഥാനത്ത് നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ജമ്മുകശ്മീർ, യുപി, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഈ മാസം 23 വരെ മഴ തുടരും എന്നാണ് റിപ്പോര്‍ട്ട്.