Kerala

ഹിജാബ് വിവാദം ; അയയാതെ വിദ്യാഭ്യാസ മന്ത്രി, സ്ക്കൂളിനെതിരെ കടുത്ത വിമർശനം

ഹിജാബ് വിവാദത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടി സ്കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്നും വി ശിവൻകുട്ടി വിമര്‍ശിച്ചു. പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്നും കുട്ടിയെ സ്കൂള്‍ മാറ്റുമെന്നും പിതാവ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, പാലക്കാട്ടെ 14 കാരന്‍റെ ആത്മഹത്യയില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടിക്ക് ആ സ്കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തിന്റെ പേരിലാണ് കുട്ടി സ്കൂളിലേക്ക് പോകാത്തതെന്നും ആരുടെ വീഴ്ച്ച മൂലമാണ് പോകാത്തതെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്. ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്. കുട്ടിയെ വിളിച്ച് ആ പ്രശ്നം തീർക്കാൻ ശ്രമിക്കണം. യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ആവശ്യമില്ല. എന്നാല്‍, സ്കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ്‌ വലിയ വിരോധാഭാസമെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു. പ്രതിപക്ഷനേതാവിന് എന്റെ നിലപാട് ശരിയായിരുന്നു എന്ന് പറയാൻ കഴിയില്ലല്ലോ. ഇത്തരം ഒരു വിഷയം ഉണ്ടായാൽ ആളി കത്തിക്കുക എന്നതല്ല. ഇടപെടുക അല്ലേ സർക്കാരിന്റെ ചുമതലയെന്ന് മന്ത്രി ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button