Kerala

ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനം ആലപിച്ച സംഭവം :രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്ര ഉത്സവത്തില്‍ വിപ്ലവഗാനം ആലപിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ക്ഷേത്രത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായത്. സിനിമാപാട്ട് പാടാനാണോ ഉത്സവം നടത്തുന്നത്? ഉത്സവത്തിന് ഭക്തിഗാനങ്ങളല്ലേ പാടേണ്ടതെന്ന് കോടതി ചോദിച്ചു. സ്റ്റേജില്‍ എന്തിനാണ് ഇത്രയധികം പ്രകാശവിന്യാസമെന്നും ഇത് കോളജിലെ ആന്വല്‍ ഡേ ആണോയെന്നും കോടതി ചോദിച്ചു.

ഭക്തരില്‍ നിന്നും ശേഖരിക്കുന്ന പണം ഇത്തരം പരിപാടികള്‍ നടത്താനുള്ളതല്ല. ദൈവത്തിനായിട്ടാണ് ഭക്തര്‍ പണം സംഭാവന നല്‍കുന്നത്. ഇത് ധൂര്‍ത്തടിച്ചു കളയാനുള്ളതല്ല. പണം കൂടുതലുണ്ടെങ്കില്‍ അവിടെയെത്തുന്ന ഭക്തര്‍ക്ക് അന്നദാനം നടത്തൂ എന്നും കോടതി അഭിപ്രായപ്പെട്ടു. ഉത്സവം ഭക്തിയുടെ കൂട്ടായ്മയാണ്. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, അവര്‍ വിശ്വാസികളായിരിക്കണമെന്നും ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു.

ആരാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും ആരാണ് പരിപാടിക്ക് പണം മുടക്കിയത് എന്നും കോടതി ചോദിച്ചു. ക്ഷേത്രോപദേശക സമിതിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ മുദ്രാവാക്യമടക്കം മുഴക്കുന്ന സ്ഥലമായി ക്ഷേത്ര ഉത്സവങ്ങൾ മാറുമോ?. ഡിവൈഎഫ്ഐ സിന്ദാബാദ് എന്നതൊക്കെയാണോ ക്ഷേത്രത്തിൽ പറയുന്നതെന്നും കോടതി ആരാഞ്ഞു. ഈ മാസം 10ന് ഗായകൻ അലോഷി അവതരിപ്പിച്ച ഗാനമേളയിൽ പാടിയ പാട്ടുകൾക്ക് എതിരെയാണ് പരാതി ഉയർന്നത്.

മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. തങ്ങള്‍ ഈ പരിപാടിയുടെ നോട്ടീസ് കണ്ടിട്ടില്ലെന്നും, ദേവസ്വം വിജിലന്‍സ് ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ക്ഷേത്രോപദേശക സമിതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. ദേവസ്വം അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തിനെതിരെ രണ്ടു ഹര്‍ജികളാണ് കോടതിക്ക് മുന്നിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button