KeralaNews

വടകരയിലെ ‘കാഫിർ’ വിവാദം: പോലീസ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകരയില്‍ വിവാദമായ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി. വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ടായി നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. വടകര റൂറല്‍ എസ്.പിയോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തില്‍ ആരോപണവിധേയനായ എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി തിരുവള്ളൂരിലെ പി.കെ. മുഹമ്മദ് കാസിം ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു പോലീസിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാദത്തില്‍ താനാണ് ആദ്യം പരാതി നല്‍കിയതെന്നും എന്നാൽ, തനിക്കെതിരേ കേസെടുക്കുന്ന സാഹചര്യമുണ്ടായെന്നും മുഹമ്മദ് കാസിം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ആരാണ് ഇതുണ്ടാക്കിയതെന്നടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതില്‍ ഇടപെടുകയായിരുന്നു ഹൈക്കോടതി.

വിവാദമായ സ്‌ക്രീന്‍ഷോട്ട് അന്നുതന്നെ തന്റെ ഫെയ്‌സ്ബുക്കിലൂടെ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ കെ.കെ ലതിക പങ്കുവെച്ചിരുന്നു. ഇതിന്റ വിശദാംശങ്ങള്‍ ആരാഞ്ഞ് കഴിഞ്ഞ ദിവസം പോലീസ് കെ.കെ ലതികയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സ്‌ക്രീന്‍ഷോട്ട് എവിടെനിന്ന് കിട്ടിയെന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്.

കഴിഞ്ഞമാസം 25-ന് വൈകീട്ടാണ് തിരുവള്ളൂരിലെ എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപിച്ചു.

സന്ദേശത്തിന്റെ പേരില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ പരാതിയില്‍ വടകര പോലീസ് 25-ന് രാത്രി കേസെടുത്തിരുന്നു. സന്ദേശം മുഹമ്മദ് കാസിമിന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കാണിച്ച് യൂത്ത് ലീഗും കാസിമും പരാതി നല്‍കി. ഇതില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലും അന്നുതന്നെ കേസെടുത്തു. കാസിമിന്റെ ഫോണ്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചെങ്കിലും സന്ദേശം മുഹമ്മദ് കാസിം അയച്ചതാണെന്നതിന് പോലീസിന് ഒരുതെളിവും കിട്ടിയിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button