
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദേശീയപാതയിലെ ഗതാഗത കുരുക്കും പ്രശ്‌നങ്ങളും ഭാഗികമായി പരിഹരിച്ചുവെന്ന റിപ്പോര്‍ട്ട് മോണിറ്ററിംഗ് കമ്മറ്റി കഴിഞ്ഞ ദിവസം സമര്‍പ്പിച്ചുവെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല.
റിപ്പോര്‍ട്ട് തള്ളിയ കോടതി ടോള്‍ പിരിവിനുള്ള വിലക്ക് ഇന്നു വരെ നീട്ടുകയായിരുന്നു.. റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്ന് വിലയിരുത്തിയ കോടതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ദേശീയപാതയിലെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട്തൃശൂര്‍ ജില്ലാ കളക്ടര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ദേശീയ പാത അതോറിറ്റിക്കെതിരെ കടുത്ത വിമര്‍ശനം കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ജനങ്ങളെ പരീക്ഷിക്കരുത് എന്നായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ മുന്നറിയിപ്പ്.
പ്രശ്‌നങ്ങളെ നിസ്സാരമായി എടുക്കരുതെന്ന് ദേശീയ പാത അതോരിറ്റിക്ക് മുന്നറിയിപ്പ് നല്‍കിയ കോടതി ഹര്‍ജി ഇന്ന് പരിഗണിക്കുന്നതിനായി മാറ്റുകയായിരുന്നു. ഇന്ന് കോടതി സ്വീകരിക്കുന്ന നിലപാട് ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ നിര്‍ണ്ണായകമാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഗതാഗത കുരുക്ക് രൂക്ഷമായപ്പോഴാണ് കോടതി ഇടപ്പെട്ട് ആഗസ്റ്റ് അഞ്ചിന് ടോള്‍ പിരിവ് തടഞ്ഞത്.