സര്‍ക്കാരിന് വൻ തിരിച്ചടി; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

0

മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ വിവേചനാധികാരമുണ്ട്. എന്നാല്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവില്‍ കോടതികള്‍ കണ്ടെത്തിയിട്ടുള്ളതാണ്. ഒപ്പം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന കേസുമാണ്. വഖഫ് ഭൂമിയില്‍ വഖഫ് ബോർഡും വഖഫ് ട്രൈബ്യൂണലുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ നിയമപരമായ സാധുത പരിശോധിച്ചില്ല. സര്‍ക്കാര്‍ യാന്ത്രികമായി പ്രവര്‍ത്തിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ പൊതുജന താല്‍പര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചത്.

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം നിയമപരമല്ലെന്നാണ് ഹര്‍ജിക്കാരായ വഖഫ് സംരക്ഷണവേദി വാദിച്ചത്. സിവില്‍ കോടതിയും ഹൈക്കോടതിയും കണ്ടെത്തിയ വസ്തുതകള്‍ക്ക് വിരുദ്ധമായി, വസ്തുതാന്വേഷണത്തിനായി കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഭൂമി വഖഫ് സ്വത്താണെന്ന് കോടതികള്‍ കണ്ടെത്തിയതാണെന്നും ഹര്‍ജിക്കാരായ വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന് സാധാരണ ജുഡീഷ്യല്‍ കമ്മീഷന്റെ അധികാരങ്ങളില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here