കള്ളക്കേസില്‍ കുടുങ്ങി അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ വെച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായി മുന്നോട്ട് നീങ്ങി ബിന്ദു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ നിയമപരമായി തന്നെ മുന്നോട്ട് പോകും എന്നാണ് ബിന്ദു പറയുന്നത്.
തന്നെ മാനസികമായി അവര്‍ തകര്‍ത്തു. അതില്‍ ഇനി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി ബാക്കിയുണ്ട്. മൂന്ന് പൊലീസുകാരാണ് തന്നെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടുന്ന രീതിയില്‍ പെരുമാറിയത്. ഈ സംഭവത്തില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് എഎസ്‌ഐ പ്രസന്നനാണ് എന്നും ബിന്ദു വ്യക്തമാക്കി. ഇനിയും ഒരാള്‍ക്കെതിരെ കൂടി നടപടി എടുക്കണം. എങ്കിലേ തനിക്ക് തൃപ്തിയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.
എസ്ഐ പ്രസാദിനെയും എഎസ്‌ഐ പ്രസന്നനെയും ഇതിനോടകം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഒരു പൊലീസുകാരന്‍ കൂടി ഉണ്ടെന്ന് ബിന്ദു പറയുന്നു – പേര് തനിക്ക് അറിയില്ലെങ്കിലും മുഖം കണ്ടാല്‍ തിരിച്ചറിയാമെന്ന് അവര്‍ വ്യക്തമാക്കി. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് കാറില്‍ തന്നെ അസഭ്യം പറഞ്ഞത് ഇയാളാണെന്നും ബിന്ദു ആരോപിക്കുന്നു. ഇയാളുടെ പ്രവൃത്തിയിലും നടപടി വേണമെന്നും അതാണ് തന്റെ ആവശ്യമെന്നും ബിന്ദു പറഞ്ഞു.