KeralaNews

തീ അണയ്ക്കാനായില്ല, ആശ്വാസമായി കപ്പൽ തീപിടിച്ച് കത്തുന്ന പ്രദേശത്ത് ശക്തമായ മഴ

ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ മാറി അറബിക്കടലിൽ ചരക്കുകപ്പലിന് തീ പിടിച്ചത് അണയ്ക്കാനായില്ല. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞെങ്കിലും കണ്ടെയ്നറുകളിലേക്ക് തീ പടരുകയാണ്. കോസ്റ്റുഗാർഡിന്‍റെ മൂന്നു കപ്പലുകൾ മണിക്കൂറുകളായി വെളളമൊഴിക്കുന്നുണ്ട്. എന്നാൽ കണ്ടെയ്നറുകളിലേക്ക് തീ പടരുന്നതാണ് ആശങ്കയാകുന്നത്. കഴി‍ഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ ഇതേരീതിയിൽ വരുന്ന മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും.

കപ്പലിന് കൂടുതൽ ചെരിവ് സംഭവിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്. പതിനഞ്ച് ഡിഗ്രിവരെയാണ് ഇടതുവശത്തേക്ക് ചെരിവുളളത്. ഇതിനിടെ കൂടുതൽ കണ്ടെയ്നറുകൾ വെളളത്തിലേക്ക് വീണിട്ടുണ്ട്. വാൻ ഹായ് 503 ന്‍റെ കപ്പൽ കമ്പനി നിയോഗിച്ച സാൽവേജ് ടീം സംഭവസ്ഥലത്തുണ്ട്. തീ പൂർണമായി കെടുത്തിയാൽ മാത്രമേ കണ്ടെയ്നറുകൾ അടക്കം സുരക്ഷിതമാക്കുന്നതിൽ മറ്റുകാര്യങ്ങൾ ആലോചിക്കാനാകൂ. ഇപ്പോഴത്തെ നിലയിൽ കടലിൽ വീണ കണ്ടെയ്നറുകൾ അടുത്ത മൂന്നോ, നാലോ ദിവസത്തേക്ക് കേരള തീരമടുക്കില്ലെന്നാണ് കണക്കുകൂട്ടൽ. കാറ്റിന്‍റെ ഗതിയനുസരിച്ച് ശ്രീലങ്കൻ തീരം വരെ ഇവയെത്താനും സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button