ഹൃദയാഘാതം; ശരീരം പ്രകടിപ്പിക്കുന്ന ഈ സൂചനകള്‍ അവഗണിക്കരുത്

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗവസ്ഥയാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക്. ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നു. പെട്ടന്നാണ് പലരിലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. എന്നാല്‍ ഹാര്‍ട്ട് അറ്റാക്ക് നേരത്തെ തന്നെ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതിനു 10 ദിവസമോ ഒരു മാസമോ മുമ്പ് ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ ഹാര്‍ട്ട് അറ്റാക്ക് തടയാനും ജീവന്‍ സംരക്ഷിക്കാനും സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹാര്‍ട്ട് അറ്റാക്കിന് മുമ്പ് ശരീരം പ്രകടമാക്കുന്നു 7 പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ക്ഷീണം: ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് 10 ദിവസമോ ഒരു മാസമോ മുമ്പോ മുതല്‍ ശരീരത്തില്‍ ക്ഷീണം അനുഭവപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഈ ലക്ഷണം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നതെന്ന് 2019 ലെ നാഷണല്‍ ഹാര്‍ട്ട്, ലംഗ്, ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നെഞ്ചിലെ അസ്വസ്ഥത: ഹാര്‍ട്ട് അറ്റാക്കിന്റെ ഏറ്റവും പ്രധാനവും സാധാരണവുമായ ലക്ഷണമാണ് നെഞ്ചിന്റെ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥത. നെഞ്ചുവേദന, ഭാരം, നെഞ്ചിന്റെ നടുഭാഗത്തോ ഇടതുഭാഗത്തോ അനുഭവപ്പെടുന്ന ഇറുക്കം, ഞെരുക്കം തുടങ്ങിയവ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാണ്.
വിയര്‍പ്പ്: ശരീരം വിയര്‍ക്കുന്നത് സാധാരണയാണ്. എന്നാല്‍ പ്രത്യക്ഷമായ കാര്യങ്ങള്‍ ഇല്ലാതെ നിങ്ങള്‍ അമിതമായി വിയര്‍ക്കുന്നുവെങ്കില്‍ ഇത് അറ്റാക്കിന്റെ സൂചനയാകാം. ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താതെ വരുമ്പോള്‍ ശരീരം അമിതമായി വിയര്‍ക്കാന്‍ തുടങ്ങും. മാത്രമല്ല ചിലരില്‍ ദഹന പ്രശ്നങ്ങള്‍, ഓക്കാനം തടുങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നതായി വിദഗ്ധര്‍ പറയുന്നു.
ശ്വാസതടസം: ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതും ഹാര്‍ട്ട് അറ്റാക്കിനെ സൂചിപ്പിക്കാം. നടക്കുമ്പോഴോ ഉറങ്ങുമ്പോഴോ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെകില്‍ അവഗണിക്കാതിരിക്കുക. ഇതും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാന ലക്ഷണമാണ്.
വര്‍ദ്ധിച്ച ഹൃദയമിടിപ്പ്: ഹൃദയത്തിന് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കുന്നത് സ്വാഭാവികമാണ്. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ ഹൃദയമിടിപ്പ് വര്‍ധിക്കുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അവഗണിക്കാതിരിക്കേണ്ടത് പ്രധാനമാണ്.
ശരീരവേദന: ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രോഗിയില്‍ കാണപ്പെടുന്ന മറ്റൊരു പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ശരീര വേദന. മിക്ക രോഗികളിലും നെഞ്ച്, തോള്‍, കൈ, പുറം, കഴുത്ത്, താടിയെല്ല് തുടങ്ങിയയിടങ്ങളില്‍ വേദന അനുഭവപ്പെടുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ധമനികളില്‍ തടസങ്ങള്‍ ഉണ്ടാകുകയും തുടര്‍ന്ന് വേദന അനുഭവപ്പെടുകയും ചെയ്യുന്നു.
തലകറക്കം: കാരണങ്ങള്‍ ഇല്ലാതെ ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുകയായെങ്കില്‍ അത് അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തലകറക്കം, തലവേദന, നെഞ്ചുവേദന, കുറഞ്ഞ രക്തസമ്മര്‍ദ്ദം തുടങ്ങിയവ ഹൃദയാഘാതത്തിന്റെ സൂചനകളാകാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിര്‍ദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങള്‍, ആരോഗ്യ പ്രൊഫഷണലുകള്‍ നല്‍കുന്ന ഉപദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. എന്നാല്‍, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതാണ്.