Blog

കോഴിക്കോട്ട് കോൺഗ്രസ് നടത്തുന്ന ഹർത്താലിനിടെ സംഘർഷം : നഗരത്തിൽ സംഘർഷാവസ്ഥ

കോഴിക്കോട്ട് കോൺഗ്രസ് നടത്തുന്ന ഹർത്താലിനിടെ സംഘർഷം. ഹർത്താൽ അനുകൂലികൾ സ്വകാര്യ ബസുകൾ തടഞ്ഞു. കടകൾ നിർബന്ധിച്ച് അടപ്പിച്ചു. ബസ് ജീവനക്കാരും കടയുടമകളും സമരാനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി. പുതിയ ബസ്സ്റ്റാൻഡിലെത്തിയാണ് കോൺഗ്രസ് പ്രവർത്തകർ ബസുകൾ തടയുന്നത്. ദീർഘദൂര ബസുകൾ സർവ്വീസുകൾ നടത്തുന്നുണ്ട്. നഗരത്തിൽ പലയിടത്തും സമരാനുകൂലികൾ നിർബന്ധിച്ച് കടകൾ അടപ്പിച്ചതോടെ കടയുടമകൾ എതിർത്തു. മാവൂർ റോഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിനിടെ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. മാവൂർ റോഡിൽ സംഘർഷാവസ്ഥയുണ്ടായി.

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരെഞ്ഞടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് പ്രതിഷേധം. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. പാൽ, പത്രം, ആംബുലൻസ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സർവിസ് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരികൾ അടക്കം ജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹർത്താലുമായി സഹകരിക്കില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്. ഇന്നലെത്തെ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർ സിപിഎം പിന്തുണയോടെ ഭരണം പിടിച്ചിരുന്നു. പിന്നാലെയാണ് സംഘർഷമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button