Kerala

ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ അജണ്ട,ചിത്രത്തിന് മുന്നില്‍ കുമ്പിട്ട് നില്‍ക്കാന്‍ ഞങ്ങളെ കിട്ടില്ല; മന്ത്രി പി പ്രസാദ്

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. ആര്‍എസ്എസ് ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാക്കണം എന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് മന്ത്രി പി പ്രസാദ് ട്വന്റിഫോറിനോട് പറഞ്ഞു. സംഘപരിവാര്‍ അജണ്ടയാണ് ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആ ചിത്രം ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രമാണ്. ദേശീയപതാക ഇല്ലാത്തൊരു ഭാരതാംബ ആര്‍എസ്എസിന്റെ ചിത്രമാണ്. ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ കുമ്പിട്ടാരാധിക്കാന്‍ ഞങ്ങളെ കിട്ടുമെന്നത് ഗര്‍ണറുടെ വ്യാമോഹം മാത്രമാണ്. ചൂണ്ടിണിച്ചിട്ടും മാറ്റുകയില്ല എന്ന നിലപാടെടുക്കുമ്പോള്‍ അദ്ദേഹം അറിഞ്ഞുകൊണ്ട് തന്നെയാണെന്നാണല്ലോ മനസിലാക്കേണ്ടത്. ആര്‍എസ്എസ് ചിത്രം ഭാരതാംബ എന്ന പേരില്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നു എന്നതാണ് പ്രശ്‌നം. അത് കേരള ഗവണ്‍മെന്റ് അംഗീകരിക്കില്ല. കേരളം അംഗീകരിക്കില്ല – അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ക്ക് എത്ര നേരം വേണമെങ്കിലും കുമ്പിട്ട് നില്‍ക്കുകയും ആരാധിക്കുകയും ചെയ്യാം. ഗവര്‍ണര്‍ അല്ല ആരു പറഞ്ഞാലും RSSനെ കുമ്പിട്ട് ആരാധിക്കാന്‍ സര്‍ക്കാരിനെ കിട്ടില്ല. ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ അജണ്ട. ഗവര്‍ണര്‍ അറിയാതെയല്ല, അറിഞ്ഞു കൊണ്ടാണ് ആര്‍എസ്എസ് ചിത്രം വന്നത്. ആര്‍എസ്എസ് ചിത്രത്തിന് സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാകണം എന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. രാജ്ഭവന്‍ ബഹിഷ്‌കരിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല. പക്ഷേ, കൃത്യമായ നിലപാടുകള്‍ സ്വീകരിക്കും – മന്ത്രി വ്യക്തമാക്കി.

ചിത്രം എടുത്ത് മാറ്റില്ല എന്ന് ഗവര്‍ണര്‍ വ്യക്തമാക്കി കഴിഞ്ഞു. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഗവര്‍ണറായി ചുമതല ഏറ്റെടുത്ത ശേഷം കഴിഞ്ഞ ദിവസം വരെ രമ്യതയിലായിരുന്നു സര്‍ക്കാരും രാജ്ഭവനും മുന്നോട്ടു പോയിരുന്നത്. എന്നാല്‍ ഇന്നലെ പരിസ്ഥിതി ദിനാഘോഷത്തില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിക്കണമെന്ന് രാജ്ഭവന്‍ ആവശ്യപ്പെടുകയും, കൃഷിമന്ത്രി പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തതോടെയാണ് വീണ്ടും ഒരു ഭിന്നതയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button