Kerala
ഭാരതമാതാവ് എല്ലാറ്റിലും മുകളിലാണ് ; ചർച്ചയാകേണ്ട വിഷയമല്ല : ഗവർണ്ണർ

രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ വിവാദം തള്ളി ഗവർണ്ണർ. ഭാരതമാതാവ് എല്ലാറ്റിലും മുകളിലാണെന്നും ചർച്ചവേണ്ടെന്നും രാജേന്ദ്ര ആർലേക്കർ പറഞ്ഞു.അമ്മയെ നമ്മൾ ചർച്ചാവിഷയം ആക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ഭാരത മാതാവ് എല്ലാത്തിനും മുകളിലാണ്.രാജ്ഭവനിലെ സെൻട്രൽ ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന സന്ദേശം കൂടിയാണ് വിവാദവും ചർച്ചയും വേണ്ടെന്ന ഗവർണ്ണറുടെ പ്രതികരണം നൽകുന്നത്. സിപിഐയുടെ പ്രതിഷേധത്തെ കുത്തിയാണ് ഭാരത് മാതാവിനെ ഇതുവരെ ഓർക്കാത്തവർ ഇപ്പോൾ ജയ് വിളിക്കുന്നുവെന്ന ഗവര്‍ണറുടെ പരിഹാസം.
ഭാരതാംബ വിവാദത്തിൽ ഗവർണ്ണറോടുള്ള സമീപനത്തിൽ സിപിഎമ്മിനും സിപിഐക്കുമിടയിലെ ഭിന്നത കൂടുതൽ ശക്തമായി. ദേശീയ പതാക ഉയർത്തി ഭാരത് മാതാ കി ജയ് വിളിച്ച് ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കൾ വൃക്ഷത്തൈ നട്ടതിലാണ് സിപിഎമ്മിന് അതൃപ്തി.