HealthNationalNews

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതലയോഗം ചേരും

രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉന്നതല യോഗം ചേരും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍ പങ്കെടുക്കും. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ് പ്രധാനമായും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡിന്റെ ഉപവകഭേദമായ NB.1.8.1-ന്റെ സാന്നിധ്യവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി വിവരമുണ്ട്. മെയ് മാസത്തിന്റെ തുടക്കം മുതല്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് വ്യാപനമുണ്ടാകുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നു.

സിംഗപ്പൂരില്‍ 14,000ത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കൊവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്തതില്‍ സാരമായ കേസുകള്‍ ഒന്നുമില്ല. സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്. നേരത്തെ തന്നെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധനവോ കൊവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായ കേസുകളോ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ ഉടൻ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കിടക്കകള്‍, മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച് കേരളത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 34, മഹാരാഷ്ട്രയില്‍ 44 എന്നിങ്ങനെയാണ് കണക്കുകള്‍. സംസ്ഥാനത്ത് കണക്ക് ശേഖരണം കൃത്യമായി നടക്കുന്നതിന്റെ തെളിവാണിതെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു. കേരളത്തില്‍ മേയില്‍ 273 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button