പഹല്‍ഗാമിലെ വീഴ്ചയില്‍ സര്‍ക്കാരിന് മൗനം; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ദില്ലി: പഹല്‍ഗാമിലെ വീഴ്ച എങ്ങനെയെന്നതില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്ന് ലോക്‌സഭയില്‍ പ്രിയങ്ക ഗാന്ധി എംപി. കശ്മീരില്‍ സമാധാന അന്തരീക്ഷമാണെന്ന പ്രചാരണം നടത്തിയത് സര്‍ക്കാരാണ്. 1500ലധികം ടൂറിസ്റ്റുകള്‍ ബൈസരണ്‍വാലിയില്‍ എത്തിയിരുന്നു. 26 പേരെ കൊലപ്പെടുത്തി ഭീകരര്‍ രക്ഷപ്പെട്ടു. ഒരു മണിക്കൂറോളം ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ പോലും ഇല്ലായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് അമിത് ഷാ ലോക്‌സഭയില്‍ സംസാരിച്ചിരുന്നു. ഇതിന് പിറകെയാണ് പ്രയിങ്ക ഗാന്ധിയുടെ പ്രസംഗം.
വിനോദസഞ്ചാരികളെ ദൈവത്തിന്റെ കൈയ്യില്‍ വിട്ടു കൊടുത്തു. ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇല്ലേ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. ടിആര്‍എഫ് 25 ആക്രമണങ്ങള്‍ കശ്മീരില്‍ നടത്തി. എന്തു കൊണ്ട് ഈ സംഘടനയെ 2023ല്‍ മാത്രം ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പഹല്‍ഗാം രഹസ്യാന്വേഷണ ഏജന്‍സികളുടേത് വന്‍ വീഴ്ചയാണ്. ആഭ്യന്തരമന്ത്രി രാജി വയ്ക്കുന്നത് പോട്ടെ, ഉത്തരവാദിത്തം ഏറ്റെടുക്കുകയെങ്കിലും ചെയ്‌തോ. ചരിത്രം അല്ല വര്‍ത്തമാന കാലത്തെക്കുറിച്ച് ആണ് സംസാരിക്കുന്നത്.
ദില്ലി കലാപത്തിനും മണിപ്പൂര്‍ കലാപത്തിനു ശേഷവും എങ്ങനെ അമിത് ഷാ ആ സ്ഥാനത്ത് ഇരിക്കുന്നു. എല്ലാത്തിനും ക്രെഡിറ്റ് എടുത്താല്‍ മാത്രം പോര ഉത്തരവാദിത്തവും ഏറ്റെടുക്കണം. തന്റെ അമ്മയുടെ കണ്ണുനീര്‍ വീണത് തന്റെ അച്ഛനെ ഭീകരവാദികള്‍ വധിച്ചപ്പോഴാണ്. പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന തനിക്ക് അറിയാം. ഡൊണള്‍ഡ് ട്രംപ് എന്തിന് വെടിനിറുത്തല്‍ പ്രഖ്യാപിച്ചുവെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.