30,000 രൂപയുടെ മൊബൈല്‍ ഫോണ്‍ 3600 രൂപയ്ക്ക് സ്വന്തമാക്കി ആന്റണി രാജു MLA

0

പ്രൈവറ്റ് സെക്രട്ടറിക്ക് 20,000 രൂപയുടെ ഫോണ്‍ 2880 രൂപയ്ക്ക്

തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈല്‍ ഫോണ്‍ സ്ഥാനം ഒഴിഞ്ഞിട്ടും സ്വന്തമായി വേണമെന്ന ആന്റണി രാജുവിന്റെ ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി. മുന്‍മന്ത്രിക്ക് ചുളുവിലക്ക് ഫോണ്‍ കൊടുത്തപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തി. അദ്ദേഹത്തിനും ഫോണ്‍ തുച്ഛമായ തുകക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

3600 രൂപ ട്രഷറിയില്‍ അടച്ച് മൊബൈല്‍ ഫോണ്‍ സ്വന്തമായി എടുത്തോളൂ എന്നാണ് മുഖ്യമന്ത്രിയുടെ കല്‍പന. 30,000 രൂപയാണ് ആന്റണി രാജുവിന് മന്ത്രിയായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഖജനാവില്‍ നിന്ന് നല്‍കിയത്. ജനുവരി 8 നാണ് ആന്റണി രാജു മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്.

ആന്റണി രാജുവിന് മൊബൈല്‍ ഫോണ്‍ കിട്ടിയതോടെ ആന്റണി രാജുവിന്റെ പ്രൈവറ്റ് സെക്രട്ടറി എസ് അനിലും തനിക്ക് സര്‍ക്കാര്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. മുഖ്യമന്ത്രിയുടെ അനുമതി ഉടന്‍ ലഭിച്ചു.

2880 രൂപ ട്രഷറിയില്‍ അടച്ച് മൊബൈല്‍ ഫോണ്‍ എടുത്തോളൂ എന്ന് പ്രൈവറ്റ് സെക്രട്ടറിയോട് മുഖ്യമന്ത്രി വക കല്‍പന. 20000 രൂപയാണ് പ്രൈവറ്റ് സെക്രട്ടറിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയത്. ആന്റണി രാജുവിന്റേയും പ്രൈവറ്റ് സെക്രട്ടറിയുടേയും വിചിത്ര അപേക്ഷയും മുഖ്യമന്ത്രിയുടെ തീരുമാനവും സെക്രട്ടറിയേറ്റില്‍ വന്‍ ചര്‍ച്ച വിഷയമായി മാറി.

ജനാധിപത്യം ആണോ രാജഭരണം ആണോ കേരളത്തില്‍ നടക്കുന്നത് എന്ന ആക്ഷേപമാണ് ഉയരുന്നത്. ആന്റണി രാജുവിന്റെയും പ്രൈവറ്റ് സെക്രട്ടറിയുടേയും വിചിത്ര അപേക്ഷയില്‍ മുഖ്യമന്ത്രി അനുകൂല തീരുമാനമെടുത്തതില്‍ മറ്റ് മന്ത്രിമാരും പ്രൈവറ്റ് സെക്രട്ടറിമാരും സന്തോഷത്തിലാണ്.

മന്ത്രികസേരയില്‍ ഇരുന്ന കാലത്തെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മയായി മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാം എന്ന ചിന്തയിലാണ് മന്ത്രിമാര്‍. മന്ത്രിമാരെ ഉപദേശിച്ചതിന്റെ ഓര്‍മക്കായി മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാം എന്ന സന്തോഷത്തിലാണ് പ്രൈവറ്റ് സെക്രട്ടറിമാരും

LEAVE A REPLY

Please enter your comment!
Please enter your name here