KeralaNews

കോടീശ്വരനായ അഹമ്മദ് ദേവര്‍കോവിലിന് സ്മാർട് ഫോണ്‍ വാങ്ങാന്‍ 28501 രൂപ അനുവദിച്ച് പിണറായി

തിരുവനന്തപുരം: മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ 28501 രൂപ അനുവദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മന്ത്രിയായിരുന്നപ്പോള്‍ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ തുക നല്‍കണമെന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 29നാണ് തുക അനുവദിച്ചത്.

മന്ത്രിമാര്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ 30,000 രൂപ സര്‍ക്കാര്‍ അനുവദിക്കാറുണ്ട്.

മന്ത്രിസ്ഥാനം നഷ്ടപ്പെടുമ്പോഴും രാജിവെയ്ക്കുമ്പോഴും മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കണമെന്നാണ് ചട്ടം. ഡിസംബര്‍ 24 ന് അഹമ്മദ് ദേവര്‍കോവില്‍ മന്ത്രി സ്ഥാനം രാജി വെച്ചിരുന്നു.

4.38 കോടിയാണ് അഹമ്മദ് ദേവര്‍കോവിലിന്റെ ആസ്തി. കോടിശ്വരനായ അഹമ്മദ് ദേവര്‍ കോവില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കാന്‍ സര്‍ക്കാര്‍ ഖജനാവിനെ ആശ്രയിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. അതും ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാത്ത പ്രതിസന്ധി കാലത്ത്.

പിണറായി മുഖ്യമന്ത്രിയായതിനു ശേഷം വളരെ കുറഞ്ഞ തുക തിരിച്ചടച്ച് മന്ത്രിമാര്‍ക്ക് ഫോണ്‍ സ്വന്തമാക്കാം എന്ന രീതി കൊണ്ടു വന്നിരുന്നു.

30,000 രൂപയുടെ മൊബൈല്‍ ഫോണ്‍ 3600 രൂപയ്ക്ക് സ്വന്തമാക്കി ആന്റണി രാജു MLA

മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈല്‍ ഫോണ്‍ സ്ഥാനം ഒഴിഞ്ഞിട്ടും സ്വന്തമായി വേണമെന്ന ആന്റണി രാജുവിന്റെ ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി. മുന്‍മന്ത്രിക്ക് ചുളുവിലക്ക് ഫോണ്‍ കൊടുത്തപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തി. അദ്ദേഹത്തിനും ഫോണ്‍ തുച്ഛമായ തുകക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

3600 രൂപ ട്രഷറിയില്‍ അടച്ച് മൊബൈല്‍ ഫോണ്‍ സ്വന്തമായി എടുത്തോളൂ എന്നാണ് മുഖ്യമന്ത്രിയുടെ കല്‍പന. 30,000 രൂപയാണ് ആന്റണി രാജുവിന് മന്ത്രിയായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഖജനാവില്‍ നിന്ന് നല്‍കിയത്. ജനുവരി 8 നാണ് ആന്റണി രാജു മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്.

ആന്റണി രാജുവിന് മൊബൈല്‍ ഫോണ്‍ കിട്ടിയതോടെ ആന്റണി രാജുവിന്റെ പ്രൈവറ്റ് സെക്രട്ടറി എസ് അനിലും തനിക്ക് സര്‍ക്കാര്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. മുഖ്യമന്ത്രിയുടെ അനുമതി ഉടന്‍ ലഭിച്ചു.

2880 രൂപ ട്രഷറിയില്‍ അടച്ച് മൊബൈല്‍ ഫോണ്‍ എടുത്തോളൂ എന്ന് പ്രൈവറ്റ് സെക്രട്ടറിയോട് മുഖ്യമന്ത്രി വക കല്‍പന. 20000 രൂപയാണ് പ്രൈവറ്റ് സെക്രട്ടറിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയത്. ആന്റണി രാജുവിന്റേയും പ്രൈവറ്റ് സെക്രട്ടറിയുടേയും വിചിത്ര അപേക്ഷയും മുഖ്യമന്ത്രിയുടെ തീരുമാനവും സെക്രട്ടറിയേറ്റില്‍ വന്‍ ചര്‍ച്ച വിഷയമായി മാറി.

ജനാധിപത്യം ആണോ രാജഭരണം ആണോ കേരളത്തില്‍ നടക്കുന്നത് എന്ന ആക്ഷേപമാണ് ഉയരുന്നത്. ആന്റണി രാജുവിന്റെയും പ്രൈവറ്റ് സെക്രട്ടറിയുടേയും വിചിത്ര അപേക്ഷയില്‍ മുഖ്യമന്ത്രി അനുകൂല തീരുമാനമെടുത്തതില്‍ മറ്റ് മന്ത്രിമാരും പ്രൈവറ്റ് സെക്രട്ടറിമാരും സന്തോഷത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button