സ്വർണപാളി വിവാദം; ഹൈക്കോടതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമലയിലെ സ്വർണപാളി വിവാദത്തിൽ ഹൈക്കോടതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. 1999 മുതൽ ഇതുവരെയുള്ള ശബരിമലയിലെ എല്ലാ പ്രവർത്തനങ്ങളും അന്വേഷിക്കാൻ ഹൈക്കോടതിയിൽ ആവശ്യപ്പെടുമെന്നും പൂജാ അവധിക്ക് ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
1998 സെപ്തംബറിലാണ് വിജയ് മല്യ സ്വർണം പൂശുന്നത്. അവിടം മുതൽ 2025വരെ, അതായത് എന്റെ കാലം വരെ പൂശിയ സ്വർണത്തെ കുറിച്ചും കുറവു വന്ന സ്വർണത്തെ കുറിച്ചും ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള അവതാരങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടും. പൂജാ അവധി കഴിഞ്ഞ് ഹൈക്കോടതി തുറക്കുന്ന അന്ന് തന്നെ ഇക്കാര്യം ആവശ്യപ്പെടും.’ എന്ന് പ്രശാന്ത് പറഞ്ഞു.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വന്നത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. ആ കുഴിയിൽ അദ്ദേഹം തന്നെ വീണിരിക്കുകയാണ്. ശബരിമലയുടെ പേരിൽ ഒട്ടേറെ തട്ടിപ്പുകൾ ഇയാൾ നടത്തിയതായാണ് മാധ്യമവാർത്തകളിലൂടെ അറിഞ്ഞത്. ഇതിലെല്ലാം സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.


