Kerala

‘പിരിച്ചെടുത്ത പണം തിരികെ താ’, ട്രംപിന് കിട്ടിയത് മുട്ടൻ പണി; വൻകിട കമ്പനികൾ അടക്കം രംഗത്ത്

വാഷിംഗ്ടൺ: വിദേശ ഉൽപ്പന്നങ്ങൾക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക നികുതികൾ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ, പിരിച്ചെടുത്ത കോടിക്കണക്കിന് ഡോളർ തിരികെ ആവശ്യപ്പെട്ട് സംസ്ഥാനങ്ങളും വൻകിട കമ്പനികളും രംഗത്തെത്തി. ഇലിനോയി ഗവർണറും ഡെമോക്രാറ്റിക് നേതാവുമായ ജെ ബി പ്രിറ്റ്‌സ്‌കർ തന്‍റെ സംസ്ഥാനത്തെ കുടുംബങ്ങൾക്കായി ഏകദേശം 900 കോടി ഡോളറിന്‍റെ ‘ഇൻവോയ്‌സ്’ ട്രംപിന് അയച്ചു. ട്രംപിന്‍റെ നിയമവിരുദ്ധമായ നികുതി നയം കർഷകരെ തകർക്കുകയും നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമാവുകയും ചെയ്തുവെന്ന് പ്രിറ്റ്‌സ്‌കർ കുറ്റപ്പെടുത്തി. ഓരോ ഇലിനോയി കുടുംബത്തിനും ശരാശരി 1,700 ഡോളർ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം.

ഭരണകൂടം ഇതുവരെ പിരിച്ചെടുത്ത 13,300 കോടി ഡോളർ (133 ബില്യൺ) എങ്ങനെ തിരികെ നൽകുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. തിരിച്ചടവ് തുക ഏകദേശം 17,500 കോടി ഡോളർ വരെ ഉയർന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സാധാരണക്കാർക്ക് ഈ പണം നേരിട്ട് ലഭിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. പണം കമ്പനികൾക്ക് തിരികെ നൽകിയാലും, അവർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ അധികവില ജനങ്ങൾക്ക് തിരികെ ലഭിക്കില്ലെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് സൂചിപ്പിച്ചു. തിരിച്ചടവ് നടപടികൾ വർഷങ്ങൾ നീണ്ടുനിൽക്കുന്ന നിയമപോരാട്ടങ്ങൾക്ക് വഴിവെക്കുമെന്ന് ട്രംപും സമ്മതിച്ചിട്ടുണ്ട്.

സങ്കീർണമായ പ്രശ്നം
തിരിച്ചടവ് പ്രക്രിയ അതീവ സങ്കീർണ്ണവും ‘നരകതുല്യമായ കുഴപ്പവും’ ആയിരിക്കുമെന്ന് കോടതി വിധിയിൽ വിയോജനക്കുറിപ്പ് എഴുതിയ ജസ്റ്റിസ് ബ്രെറ്റ് കവനോ മുന്നറിയിപ്പ് നൽകി. കോസ്റ്റ്കോ, റെവ്‌ലോൺ തുടങ്ങിയ വൻകിട കമ്പനികൾ പണം തിരികെ ലഭിക്കാനായി ഇതിനകം തന്നെ കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവിലുള്ള കസ്റ്റംസ് സംവിധാനങ്ങൾ ഉപയോഗിച്ച് പണം തിരികെ നൽകാൻ ശ്രമിച്ചാലും ആയിരക്കണക്കിന് കമ്പനികൾ ഒരേസമയം അപേക്ഷയുമായി എത്തുന്നത് വലിയ ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കും. വരും മാസങ്ങളിൽ ഈ നികുതിപ്പണത്തെച്ചൊല്ലിയുള്ള ശക്തമായ നിയമയുദ്ധങ്ങൾക്കായിരിക്കും അമേരിക്കൻ കോടതികൾ സാക്ഷ്യം വഹിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button