Blog

ഗാസ സമാധാനത്തിലേക്ക് തിരികെ നടക്കുന്നു ; വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചു

​ടെൽഅവീവ്: ഗാസയിൽ സമാധാനം തിരികെ വരുന്നു. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇസ്രയേൽ മന്ത്രിസഭയും അംഗീകരിച്ചു. ഇതോടെ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും.72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈ മാറുന്ന നടപടികളും തുടങ്ങും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദികളെ മോചിപ്പിക്കാനാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപും അറിയിച്ചു. ഇസ്രയേൽ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ട്രംപിന്‍റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ഇസ്രയേലിൽ എത്തിയിരുന്നു. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഇരുവരും നെതന്യാഹുവിനൊപ്പം മാധ്യമങ്ങളെ കാണുകയും ചെയ്തു. സമാധാന കരാറിന്‍റെ ഭാഗമായി ഇസ്രയേൽ സൈന്യം ഗാസയുടെ ചിലഭാഗങ്ങളിൽ നിന്ന് പിന്മാറും. ഗാസയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകൾക്കും പ്രവേശിക്കാൻ അനുമതി ലഭിക്കും. ഇരുപക്ഷവും തമ്മിലുള്ള കരാർ ഒപ്പിടുന്നതിന് സാക്ഷിയാകാൻ ട്രംപും ഈജിപ്തിലേക്ക് എത്തിയേക്കും.

ഗാസ സമാധാന കരാർ യാഥാർത്ഥ്യമാക്കാനായതോടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അഭിനന്ദന പ്രവാഹമാണ്. ലോക രാജ്യങ്ങളിലെ നേതാക്കൾ ഫോണിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ട്രംപിനെ അഭിനന്ദിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ചാണ് ട്രംപിനെ അഭിനന്ദിച്ചത്. ഗാസ സമാധാന പദ്ധതി ചരിത്രപരം എന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യ – അമേരിക്ക വാണിജ്യ കരാറിനുള്ള സംഭാഷണത്തിന്‍റെ പുരോഗതിയും ചർച്ചയായെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഗാസ സമാധാന കരാർ യാഥാർത്ഥ്യമായതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അഭിനന്ദിച്ചതായി മോദി അറിയിച്ചു. സുരക്ഷ കാബിനറ്റ് യോഗം നിര്‍ത്തി വച്ച് നെതന്യാഹു മോദിയുടെ ഫോണെടുത്തെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, ഗാസ സമാധാന കരാറിന്‍റെ പേരിൽ ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണമെന്ന ആവശ്യവുമായി നെതന്യാഹു രംഗത്തെത്തിയത് ശ്രദ്ധേയമായി. ട്രംപിന്‍റെ ചിത്രമടക്കം പങ്കുവെച്ചുകൊണ്ടാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യം മുന്നോട്ട് വെച്ചത്. സമാധാന നൊബേലിന് ട്രംപ് തികച്ചും അർഹനാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button