International

ഗാസയ്ക്കിന്ന് ചരിത്രദിനം; നൂറുകണക്കിന് ട്രക്കുകള്‍ ഇന്നെത്തും, സമാധാന പ്രഖ്യാപനത്തിനായി ഡോണള്‍ഡ് ട്രംപ് എത്തും

ടെൽഅവീവ്: ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായി ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിലേക്ക്. ഈജിപ്തും ഇസ്രയേലും സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ഇസ്രയേൽ പാർലമെന്‍റിൽ പ്രസംഗിക്കും. മാനുഷിക സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഇന്ന് ഗാസയിൽ പ്രവേശിക്കും. ബന്ദി കൈമാറ്റം തുടങ്ങുന്നത് ഇന്ന് വൈകിട്ടോടെ തീരുമാനമാകും. ഗാസയ്ക്കിന്ന് ചരിത്ര പ്രാധാന്യമുള്ള ദിനമാണ്. ഈജിപ്തിൽ അമേരിക്കൻ പ്രസിഡന്‍റ് എത്തുന്നതോടെ ബന്ദി കൈമാറ്റം തുടങ്ങുകയും സമാധാന കരാർ പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നത് കാത്തിരിക്കുകയാണ് ഗാസ ജനത. ഈജിപ്തിൽ നിന്ന് ടെൽ അവീവിലെത്തുന്ന ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെന്‍റിൽ പ്രസംഗിക്കും.

ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുകളിൽ പ്രശംസ നേടുന്ന തരത്തിലാണ് ഡോണൾഡ് ട്രംപിന്‍റെ ഇടപെടൽ എത്തി നിൽക്കുന്നത്. ഇതിനുമുൻപുള്ള വരവിലാണ് സിറിയക്ക് മേലുള്ള ഉപരോധം ട്രംപ് എടുത്തു മാറ്റിയത്. ഗാസയിൽ മുൻ വെടിനിർത്തലുകളെ അപേക്ഷിച്ച് ഇത്തവണ വലിയ തർക്കങ്ങൾ ഇതിനോടകം കുറവാണ്. സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഇന്ന് ഗാസയിലെത്തും. ഇസ്രയേൽ സേന പിൻവാങ്ങിയ ഇടങ്ങളിൽ ഹമാസ് പൊലീസിനെ വിന്യസിച്ചു തുടങ്ങി. കൈമാറുന്ന ബന്ദികളെ കണ്ടെത്തി കൈമാറ്റത്തിനായി സമ്പൂർണ വിവരം ഇന്ന് വൈകിട്ടോടെ ഹമാസ് നൽകണം. പലസ്തീനിയൻ തടവുകാരെയും ഇന്ന് വൈകിട്ടോടെ മോചിപ്പിച്ച തുടങ്ങും. മുൻ വെടിനിർത്തലുകളിൽ നിന്ന് വ്യത്യസ്തമായി കൈമാറ്റച്ചടങ്ങ് പരസ്യമായിരിക്കില്ലെന്നാണ് വിവരം. അതേസമയം, മറ്റൊരു വശത്ത് പതിനായിരങ്ങൾ ഇനിയൊരു തർക്കമുണ്ടാവില്ലെന്ന പ്രതീക്ഷയിൽ ഗാസയിൽ സ്വന്തം വീടുകൾ നിന്ന ഇടങ്ങളിലേക്ക് മടങ്ങി എത്തിക്കൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button