വിദ്യാര്‍ത്ഥികൾ ഗണഗീതം പാടിയ സംഭവം ; കുട്ടികള്‍ക്ക് ഒന്നും അറിയില്ല, നിരപരാധികൾ : വി ശിവന്‍കുട്ടി

വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് ഒന്നും അറിയില്ലെന്നും കുട്ടികള്‍ നിരപരാധികളാണെന്നും ആര്‍എസ്എസിന് വര്‍ഗീയ അജണ്ടയുണ്ടെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
മതേതരത്വത്തിന് വെല്ലുവിളിയാകുന്ന കാര്യങ്ങള്‍ നടത്താന്‍ ഒരു സ്കൂളിനേയും അനുവദിക്കില്ല. ഗണഗീതം ദേശഭക്തിഗാനമാണെന്ന അറിവ് പ്രിന്‍സിപ്പലിന് എങ്ങനെ കിട്ടിയെന്ന് വി. ശിവന്‍കുട്ടി ചോദിച്ചു. സ്കൂളുകള്‍ ഏതാണെങ്കിലും എന്‍ഒസി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാര്‍ പരിപാടിക്ക് ഒരു പ്രോട്ടോക്കോള്‍ ഉണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പാട്ടുകള്‍ പാടിക്കാറില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ റെയില്‍വേ അധികാരികളും അവരെ നിയന്ത്രിക്കുന്നവരും സാമാന്യ മര്യാദപോലും കാണിക്കാതെ ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തേയും വെല്ലുവിളിച്ചിരിക്കുകയാണ്. ഇത് അഹങ്കാരത്തിന്റെ സ്വരമാണ്. ഞങ്ങള്‍ എന്തും ചെയ്യും എന്നതിന്റെ തെളിവാണ്. ഏത് മാനേജ്മെന്റ് നടത്തുന്ന സ്കൂളാണെങ്കിലും മതേതരത്വത്തിനോ ജനാധിപത്യമൂല്യങ്ങള്‍ക്കോ വെല്ലുവിളിയാകുന്ന ഒരു നടപടിക്രമങ്ങളും അനുവദിക്കില്ല. ചില നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഒസി നല്‍കുന്നത്. അത് ലംഘിച്ചാല്‍ എന്‍ഒസി പിന്‍വലിക്കാനുള്ള അധികാരം കേരള-ദേശീയ വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നുണ്ട്. ഗണഗീതം ദേശഭക്തി ഗാനമാണെന്ന അറിവ് എവിടെനിന്ന് കിട്ടി എന്ന് അറിയില്ല. അതടക്കം മനസ്സിലാക്കാന്‍ വേണ്ടിയാണ് അന്വേഷണത്തിന് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തരും പറയുന്നതനുസരിച്ചാണോ ദേശഭക്തി ഗാനം. ഇത് വിലയിരുത്തി പറയാന്‍ പ്രിന്‍സിപ്പലിന് എന്തധികാരമാണുള്ളത്”, വി. ശിവന്‍കുട്ടി ചോദിച്ചു.



