“വിജയരാഘവൻ വന്നാൽ എനിക്ക് വോട്ട് കൂടും”; മാനിഫെസ്റ്റോ വിവാദത്തിൽ തിരിച്ചടിച്ച് ജി. സുധാകരൻ; പി. പ്രസാദിനും വിമർശനം

ആലപ്പുഴ: തലകീഴായി പിടിച്ചാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചതെന്ന് സിപിഎം നേതാവ് എ വിജയരാഘവന് മറുപടിയുമായി അമ്പലപ്പുഴിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന്‍. ആലപ്പുഴയെ കുറിച്ച് വിജയരാഘന് ഒന്നും അറിയില്ലെന്നും ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടുമെന്നും ജി സുധാകരന്‍ പറഞ്ഞു
‘അദ്ദേഹം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചതുകൊണ്ടാണ് അങ്ങനെ ആയത്. അദ്ദേഹം ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടും. അതാ അദ്ദേഹത്തിന്റെ പ്രസംഗം. അമ്പലപ്പുഴയൊന്നും വിജയരാഘവന് അറിയില്ല. കമ്മിറ്റി കൂടാന്‍ വന്നിട്ടേയുള്ളൂ. നാടിനെ പറ്റി ഒന്നും അറിയില്ല. വിജയരാഘവന്‍ വന്ന് എന്തെങ്കിലും പറഞ്ഞുപോകട്ടെ’ – ജി സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ചെറ്റപ്പുരകളെയാണ്. പതിനെട്ടു വയസുവരെ താന്‍ ജീവിച്ചത് ചെറ്റപ്പുരയിലാണെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി നിഘണ്ടു വായിക്കാത്തതുകൊണ്ട് മലയാളത്തിന്റെ അര്‍ഥഭേദങ്ങള്‍ അറിയില്ല. മുഖ്യമന്ത്രിയെ വിമര്‍ശിക്കും. പക്ഷെ ചീത്ത പറയില്ല. അത് എന്റെ ഗുരുത്വമെന്നും ജി സുധാകരന്‍ പറഞ്ഞു.
‘സിപിഐ മന്ത്രി പി പ്രസാദിന് ഗുരുത്വമില്ല സിപിഐയിലെ ആരും എനിക്കെതിരെ പറഞ്ഞില്ല. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞില്ല. 6000 വോട്ടിനാണ് പ്രസാദ് ജയിച്ചത്. അത് അയാൾ ഓർത്തില്ല. പ്രസാദിന്റെ വിജയം തുലാസിലാണ്. പ്രസാദിനെതിരെ ഒന്നും പറയാൻ ഉദ്ദേശിച്ചതല്ല. എല്ലാം ക്ഷണിച്ചു വരുത്തുകയാണ്. അല്ലെങ്കിൽ എനിക്കെതിരെ പറയേണ്ട കാര്യമില്ല. എനിക്ക് പാർലമെന്ററി വ്യാമോഹമുണ്ടെന്നാണ് പറയുന്നത്. പിന്നെ അയാളെന്തിനാ രണ്ടാമത് മത്സരിക്കുന്നത്. ഇതിനെല്ലാം ജനം തിരിച്ചടി കൊടുക്കും. കർഷക തൊഴിലാളികൾക്കൊപ്പംനിന്ന് തങ്കപ്പന്റെ തലവെട്ടിയെടുത്ത സമയത്ത് ഞാൻ താലൂക്ക് സെക്രട്ടറിയാണ്. പ്രസാദ് ആയിരുന്നെങ്കില്‍ മുണ്ടെറിഞ്ഞ് ഓടുമായിരുന്നു’ സുധാകരൻ പറഞ്ഞു.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായിട്ടാണെന്നും സഹതാപത്തിന്റെ ഒരു കണിക പോലും അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു ജി സുധാകരനെതിരെയുള്ള എ വിജയരാഘവന്റെ പരിഹാസം. ജി സുധാകരന് മരിക്കും വരെ എംഎല്‍എ ആകണമെന്നാണ് ആഗ്രഹം. അത് നടക്കാത്തത് കൊണ്ട് പാര്‍ട്ടി വിട്ട ഏക ആളാണ് ജി സുധാകരന്‍. ജി സുധാകരന് ദുരാഗ്രഹമാണെന്നും അതിനൊപ്പം പാര്‍ട്ടിക്ക് നില്‍ക്കാന്‍ കഴിയില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
മുന്‍ സിപിഎം നേതാവ് ജി സുധാകരന്‍ കോണ്‍ഗ്രസിന്റെ തൊപ്പി ധരിച്ച് നില്‍ക്കുന്ന ഗതികെട്ട ചിത്രം കാണേണ്ടി വന്നത് ദുഃഖിപ്പിച്ചുവെന്ന് മന്ത്രിയും ചേര്‍ത്തലയിലെ ഇടത് സ്ഥാനാര്‍ഥിയുമായ പി പ്രസാദ് പറഞ്ഞു. കമ്യൂണിസത്തെക്കുറിച്ചും മാര്‍ക്‌സിസത്തെ കുറിച്ചും സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്നതിനെ കുറിച്ചും പറഞ്ഞിരുന്ന ആളാണ് ജി സുധാകരന്‍. ഇന്ന് കോണ്‍ഗ്രസിന്റെ തൊപ്പി ധരിച്ചുള്ള ഗതികെട്ട നില്‍പ്പാണ് ദുഃഖിപ്പിക്കുന്നതെന്നും പ്രസാദ് പറഞ്ഞു.




