മുന്നണിമാറ്റ ചര്‍ച്ച; മധ്യസ്ഥം വഹിക്കുന്നത് ലീഗ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചര്‍ച്ചകള്‍ മുസ്ലിം ലീഗിന്റെ മധ്യസ്ഥതയില്‍ ദുബായില്‍ നടക്കുന്നതായി വിവരം. ലീഗ് നേതാവും ഗള്‍ഫിലെ വ്യവസായിയുമായ മലപ്പുറം സ്വദേശിയുടെ വീട്ടിലാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും കുടുംബവും നിലവില്‍ ഉള്ളത്. ഈ വ്യവസായിയുടെ മലപ്പുറത്തെ വീട്ടില്‍ വെച്ച് മുമ്പും മുന്നണിമാറ്റ ചര്‍ച്ച നടന്നിട്ടുണ്ടെന്നാണ് വിവരം.
നാല് ദിവസം മുമ്പാണ് ജോസ് കെ മാണിയും ഭാര്യയും മകനും ദുബായില്‍ എത്തിയത്. അവിടെനിന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി മുന്നണി മാറ്റചര്‍ച്ചകളില്‍ ജോസ് കെ മാണി ആശയവിനിമയം നടത്തിയതായാണ് വിവരം.
മുന്നണിമാറ്റത്തില്‍ ഏകദേശ ധാരണയിലെത്തിയതായും നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുകളിലാണ് അന്തിമ തീരുമാനം എടുക്കാനുള്ളതെന്നുമാണ് സൂചന. ആറ് സീറ്റ് യുഡിഎഫ് ഇതിനോടകം ഉറപ്പു നല്‍കിയതായും വിവരമുണ്ട്. അഞ്ച് സിറ്റിങ് സീറ്റ് കൂടാതെ ജോസ് കെ മാണിക്ക് മത്സരിക്കാനായി പാല സീറ്റിലുമാണ് ധാരണയായത്. മറ്റ് സീറ്റുകള്‍ സംബന്ധിച്ചാണ് ഇനി തീരുമാനത്തില്‍ എത്താനുള്ളത്. നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് ജോസ് കെ മാണി ഇന്ന് വൈകിട്ട് കേരളത്തില്‍ തിരിച്ചെത്തും.


