Kerala

ഫ്രഷ്‌ കട്ടിനെതിരായ ആക്രമണം: 74 പേരെ തിരിച്ചറിഞ്ഞു

കോഴിക്കോട് താമരശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസിൽ 74 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. സമര സമിതി നേതാക്കളെ തേടി രാത്രിയും വീടുകളിൽ പരിശോധന നടന്നു. പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നതായാണ് സൂചന. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവരെ പിടികൂടുമെന്ന് ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി.

പ്രതികള്‍ക്കെതിരായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കുകയാണ് പൊലീസ്. 351 പേർക്കെതിരെയാണ് കേസെടുത്തത്. രണ്ട് പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തത്. സമര സമിതി ഭാരവാഹിയും ആം ആദ്മി പാർട്ടി പ്രവർത്തകനുമായ ചുണ്ടാക്കുന്നു ബാവൻകുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ഡിവൈഎഫ്ഐ നേതാവ് മെഹ്‌റൂഫ് അടക്കം മറ്റു പ്രതികൾ ആരും പിടിയിലായിട്ടില്ല.

പലരും ഒളിവിലാണ്, ചിലർ രാജ്യം വിട്ടതായും വിവരമുണ്ട്. സമര സമിതി നേതാക്കളെ തേടി ഇന്നലെ രാത്രിയും പൊലീസ് വീടുകളിൽ എത്തി. ഇതുവരെ എട്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വധശ്രമം , എക്സ് പ്ലോസീവ് സസ്പെന്‍സ് ആക്ട്, കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍.

താമരശ്ശേരി ഫ്രഷ് കട്ട് സമരസമിതിക്ക് നേതൃത്വം നല്‍കിയതും കലാപമുണ്ടാക്കിയതും എസ് ഡി പി ഐ ആണെന്ന നിലപാടിലാണ് സിപിഎം. എന്നാല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമമുണ്ടാക്കിയതെന്നായിരുന്നു എസ്ഡിപിഐ പ്രതികരണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് പ്രതികരിച്ച സമരസമിതി ഫാക്ടറിക്കെതിരായ പ്രതിഷേധം കടുപ്പിക്കുമെന്നും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button