രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ വീണ്ടും പരാതി; അതിജീവിതയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ വീണ്ടും പരാതി. അതിജീവിതയുടെ ഭര്‍ത്താവാണ് പുതിയ പരാതി നല്‍കിയത്. തന്റെ കുടുംബജീവിതം തകര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. രാഹുലിനെതിരെ BNS 84 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവും പരാതിയില്‍ ഉന്നയിക്കുന്നു.
പരാതിക്കാരന്റെ വാദപ്രകാരം, രാഹുലിന്റെ ഇടപെടലിനെ തുടര്‍ന്ന് തനിക്കു ഗുരുതരമായ മാനനഷ്ടം നേരിടേണ്ടി വന്നുവെന്നും, യുവതി വിവാഹിതയാണെന്ന കാര്യം അറിഞ്ഞിട്ടും രാഹുല്‍ അവരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നുമാണ് ആരോപണം. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുല്‍ ഭാര്യയെ വശീകരിച്ചതായും പരാതിയില്‍ പറയുന്നു.
ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനായിരുന്നു തന്റെ ഇടപെടലെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. എന്നാല്‍ പ്രശ്‌നം തീര്‍ക്കാനായിരുന്നു ശ്രമമെങ്കില്‍ എന്തുകൊണ്ട് തന്നെ നേരിട്ട് ബന്ധപ്പെടാതിരുന്നുവെന്ന ചോദ്യമാണ് ഭര്‍ത്താവ് ഉന്നയിക്കുന്നത്.
പുതിയ പരാതി കോടതിയില്‍ നിര്‍ണായകമാകുമെന്നാണ് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ ഉന്നയിച്ച വാദങ്ങള്‍ കളവാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിക്കാനാകും. കുടുംബപ്രശ്‌നം പരിഹരിക്കാനുള്ള ഇടപെടലിലൂടെ യുവതിയുമായി പരിചയം ഉണ്ടായി എന്നായിരുന്നു രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിശദീകരണം. എന്നാല്‍ ഈ വാദങ്ങളെ നിഷേധിക്കുന്നതാണ് ഭര്‍ത്താവിന്റെ പുതിയ പരാതിയെന്ന് സൂചന.

