International

യു എസ് മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർ അന്തരിച്ചു

യു എസ് മുൻ പ്രസിഡൻ്റ് ​ജിമ്മി കാർട്ടർ അന്തരിച്ചു. നൂറ് വയസായിരുന്നു. ഏറെ നാളായി ജോർജിയയിലെ വസതിയിലായിരുന്നു താമസം. 1977 മുതൽ 1981 വരെ കാർട്ടൻ അമേരിക്കയുടെ പ്രസിഡൻ്റായി സേവനം അനുഷ്ഠിച്ചു. രാജ്യത്തെ 39-ാം പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ.

2002ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ലോകം ആദരിച്ചു. അമേരിക്കൻ പ്രസിഡന്റ് സ്ഥാനം വഹിച്ച, ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തി കൂടിയാണ് ജിമ്മി കാർട്ടർ. കാൻസറിനെ അതിജീവിച്ച അദ്ദേഹം ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയിരുന്നു.

ഡെമോക്രാറ്റുകാരനായിരുന്ന കാർട്ടൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ ജെറാൾഡ് ഫോ‌‍ർഡിനെ പരാജയപ്പെടുത്തിയാണ് 1977ൽ അധികാരത്തിൽ എത്തിയത്. അസ്ഥിരമായ എണ്ണവില, ശീതയുദ്ധം എന്നിവയുടെ കാലത്തായിരുന്നു കാ‌‍ർട്ടറിൻ്റെ ഭരണം. തൻ്റെ ഭരണകാലത്ത് മനുഷ്യാവകാശങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ, ആണവ വ്യാപനം, ആഗോള ദാരിദ്ര്യം എന്നിവയ്ക്ക് കാർട്ടർ ഊന്നൽ നൽകി. 1978 ൽ നടപ്പിലാക്കിയ ക്യാമ്പ് ഡേവിഡ് ഉടമ്പടിയും അദ്ദേഹത്തിൻ്റെ ഭരണകാലത്ത് എടുത്ത് പറയേണ്ട നേട്ടങ്ങളിൽ ഒന്നാണ്.

എന്നാൽ പിന്നീടുണ്ടായ ഇറാനിയൻ ബന്ദി പ്രതിസന്ധി, പണപ്പെരുപ്പം, ഊ‌‍‍‌‌ർജ ദൗർലഭ്യം എന്നീ കാരണങ്ങൾ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താഴെയിറക്കി. 1980 ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ റൊണാൾഡ് റീ​ഗനോടായിരുന്നു ജിമ്മി കാർട്ടർ പരാജയം ഏറ്റുവാങ്ങിയത്. കാർട്ടറുടെ ജീവിതപങ്കാളി റോസലിൻ കഴിഞ്ഞ വർഷം നവംബറിലാണ് മരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷത്തിന് മുകളിലായി കാർട്ടർ ചികിത്സയിലായിരുന്നു. പങ്കാളിയുടെ മരണത്തോട് അനുബന്ധിച്ച ചടങ്ങിലാണ് കാർട്ടർ അവസാനമായി പങ്കെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button