ഇന്ത്യൻ നാഷണൽ ലോക് ദളിന്റെ ഉന്നത നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസായിരുന്നു. ഗുരുഗ്രാമിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. രാജ്യത്തിന്റെ മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ് ഓം പ്രകാശ് ചൗട്ടാല.
വാർധക്യസഹജമായ അവശതകളുണ്ടായിട്ടും ഇക്കഴിഞ്ഞ ഒക്ടോബറിൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ചൗട്ടാല വോട്ടുചെയ്യാനെത്തിയത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. അദ്ദേഹം അവസാനമായി അപ്പോഴാണ് ഒരു പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ടത്. ഹരിയാനയുടെ ഏഴാമത് മുഖ്യമന്ത്രിയായിരുന്നയാളാണ് ഓം പ്രകാശ് ചൗട്ടാല.
അനധികൃത സ്വത്തുസമ്പാദന കേസിൽ ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാലുവർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇക്കാലയളവിൽ തിഹാർ ജയിലിലെ ഏറ്റവും പ്രായം കൂടിയ തടവുപുള്ളിയെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ജയിൽ വിടുമ്പോൾ 87 വയസായിരുന്നു ചൗട്ടാലയുടെ പ്രായം. വാർധക്യ സഹജമായ അവശതകൾ മൂലം അദ്ദേഹം കഴിഞ്ഞ മൂന്നുവർഷമായി ചികിത്സയിൽ കഴിഞ്ഞുവരികെയായിരുന്നു.