വി പി ജോയ് അധിക വേതനം കൈപ്പറ്റിയെന്ന് കണ്ടെത്തൽ; 20 ലക്ഷം രൂപ അധികമായി കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ട്

മുൻ ചീഫ് സെക്രട്ടറി വി പി ജോയ് വിരമിച്ചതിന് ശേഷം വഹിക്കുന്ന പദവിയിൽ അധിക വേതനം കൈപ്പറ്റുന്നുവെന്ന് അക്കൗണ്ട് ജനറൽ ഓഫീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തൽ. പൊതുഭരണവകുപ്പിൽ എജി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. കേന്ദ്ര സംസ്ഥാന സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് 2024 ജൂൺ വരെയുള്ള ഒരു വർഷം 20 ലക്ഷത്തോളം രൂപ അധികമായി കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പുറത്ത്.
ചീഫ് സെക്രട്ടറിയായി വിരമിച്ചതിനു ശേഷം കേരള പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെന്റ് ബോർഡ് ചെയര്മാൻ ആയി പ്രവർത്തിക്കുകയാണ് വി പി ജോയ്. ഓൾ ഇന്ത്യ സർവീസിൽ നിന്ന് വിരമിച്ച ഓഫീസർ സംസ്ഥാന സർക്കാരിന് കീഴിൽ പുനർനിയമനം നേടിയാൽ പെന്‍ഷനും പുതിയ ജോലിയിലെ ശമ്പളവും ചേർന്ന തുക സർവീസിൽ അവസാന മാസം വാങ്ങിയ ശമ്പളത്തേക്കാൾ കുറവാകണം എന്നാണ് ചട്ടം. എന്നാൽ പുതിയ ജോലിയിൽ അലവൻസുകൾക്ക് പുറമെ 2. 25 ലക്ഷം രൂപ അടിസ്ഥാന മാസ ശമ്പളമായി ജോയി കൈപ്പറ്റുന്നു. കൂടാതെ മാസം 112500 രൂപ പെൻഷനുമുണ്ട്. മാസം തോറും 1,12,500 രൂപ അധികമെന്നാണ് എ ജി കണ്ടെത്തൽ.
പുനർനിയമനം നേടുന്നവർക്ക് ക്ഷാമാശ്വാസം കൈപ്പറ്റാൻ അർഹത ഇല്ല. എന്നാൽ പുതിയ ജോലിയിൽ പ്രതി മാസം 51750 രൂപ വീതം ക്ഷാമാശ്വാസം തുടക്കത്തിലും, 56250 രൂപ വീതം പിന്നീടും ജോയി കൈപ്പറ്റി. ഇത് പെൻഷനൊപ്പം വാങ്ങുന്ന ക്ഷമ ബത്തക്ക് പുറമെയാണ്. ഇങ്ങനെ 2023 ജൂൺ മുതൽ 2024 ജൂൺ വരെ അനധികൃതമായി 19. 37 ലക്ഷം രൂപ ജോയി അധിക ശമ്പളവും അനുകൂല്യവുമായി വാങ്ങിയിട്ടുണ്ടെന്ന് എ ജി കണ്ടെത്തി. ഇതേപ്പറ്റി വ്യക്തമായ വിശദീകരണം ജി എ ഡി നൽകിയില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കൂടുതൽ വിശദീകരണം പൊതുഭരണത്തിൽ നിന്നും തേടിയിരിക്കുകയാണ് എജി. എജി റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും റിക്രൂട്ട്മെൻ്റ് ബോർഡ് ചെയർമാനും അംഗങ്ങള്‍ക്കുമുള്ള ശമ്പളത്തിന് സർക്കാർ പാസാക്കിയ നിയമം വഴിയുള്ള ശമ്പളം മാത്രമാണ് താൻ കൈപ്പറ്റുന്നതെന്നും വി പി ജോയ് പ്രതികരിച്ചു.