ഐസി ബാലകൃഷ്ണന് കൂടുതൽ കുരുക്ക്; ഗുരുതര വെളിപ്പെടുത്തലുമായി ബത്തേരി അർബൻ ബാങ്ക് മുൻ ചെയർമാൻ

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ മരണത്തിൽ ആരോപണ വിധേയനായ ഐസി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. അനധികൃത നിയമനത്തിന് ഐസി ബാലകൃഷ്ണൻ ഉദ്യോഗാർത്ഥികളുടെ പട്ടിക നൽകിയിരുന്നതായി ബത്തേരി അർബൻ ബാങ്ക് മുൻ ചെയർമാൻ ഡോ. സണ്ണി ജോർജിന്റേതാണ് വെളിപ്പെടുത്തൽ. 17 നിയമനങ്ങൾക്കാണ് എംഎൽഎ സമ്മർദ്ദം ചെലുത്തിയതെന്ന് ഡോ. സണ്ണി ജോർജ് പുറത്തു വിട്ട വീഡിയോയിൽ പറയുന്നു.
ഇതിനായി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. കോൺഗ്രസുകാർക്ക് നിയമനം കൊടുക്കുക എന്നത് മാത്രമായിരുന്നു ആ യോഗത്തിന്റെ അജണ്ട എന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷയിൽ പങ്കെടുക്കാത്തവരും പട്ടികയിലുണ്ടായിരുന്നു. ലിസ്റ്റ് നോക്കിയപ്പോൾ ഒരാൾ പോലും നിയമനത്തിന് അർഹരായിരുന്നില്ല. അതിനാൽ മെറിറ്റ് പ്രകാരമാണ് താൻ നിയമനം നൽകിയത്. എന്നാൽ ഇക്കാരണം കൊണ്ട് തന്നെ വിശദീകരണം കേൾക്കാതെ സസ്പെൻഡ് ചെയ്തുവെന്നും സണ്ണി ഡോ. സണ്ണി ജോർജ് ആരോപിച്ചു. പലരും നിയമനവുമായി ബന്ധപ്പെട്ട ബാങ്കിൽ വന്നെന്നും പിന്നീടാണ് പലരിൽ നിന്നും സാമ്പത്തിക ഇടപാട് നടത്തിയ ശേഷമാണ് പട്ടിക തയാറാക്കിയത് എന്ന് മനസിലായതെന്നും സണ്ണി ജോർജ് പറഞ്ഞു.