വേടൻ കേസിൽ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് കോടതിയിൽ തെളിയിക്കണം. ശിക്ഷാ നടപടികൾ തീരുമാനിക്കുന്നത് കോടതിയാണെന്നും മന്ത്രി പറഞ്ഞു. 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, റാപ്പർ വേടൻ ഉൾപ്പെട്ട കഞ്ചാവ് കേസിൽ ലഹരി ഉപയോഗവും ഗൂഢാലോചനയും ചുമത്തി പൊലീസ് എഫ്ഐആർ. വേടനും സംഘവും പിടിയിലായത് തീൻ മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയാണ് പിടിയിലായതെന്നും ഫ്ളാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു എന്നും എഫ് ഐ ആറിൽ പറയുന്നു. കഞ്ചാവ് കൈവശം വെച്ചത് വില്‍പ്പനക്കെന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നുണ്ട്.
വേടനെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ചതിനാണ് വേടൻ എന്ന ഹിരൺദാസ് മുരളിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചു, മൃഗവേട്ട തുടങ്ങി ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ കുറ്റങ്ങൾ വനംവകുപ്പ് വേടനെതിരെ ചുമത്തിയിട്ടുണ്ട്. ഹിൽപാലസ് പോലീസിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ രാത്രി തന്നെ കോടനാട് ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയിരുന്നു. അതേ സമയം കഞ്ചാവ് കേസിൽ വേടൻ ഉൾപ്പെടെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് അറസ്റ്റു ചെയ്ത ഒൻപതു പേർക്കും ഇന്നലെ രാത്രി സ്റ്റേഷൻ ജാമ്യം അനുവദിച്ചിരുന്നു.