
സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇന്ത്യ വിനിയോഗിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ കണക്കുകൂട്ടലോടെ, ഉത്തരവാദിത്തത്തോടെ, ആനുപാതികമായ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളുടെ വീഡിയോ പങ്കുവച്ചാണ് സൈന്യത്തിന്റെ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും കേണല്‍ സോഫിയ ഖുറേഷിയും വാര്‍ത്താസമ്മേളനത്തില്‍ മിസ്രിക്കൊപ്പം പങ്കെടുത്ത് വിശദീകരിച്ചു.
ഏറ്റവും ക്രൂരമായ ആക്രമണത്തിന് മറുപടി നല്‍കിയെന്ന് വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടിആര്‍എഫ് ആണ് പഹല്‍ഗാം ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്കര്‍ ഇ ത്വയ്ബയും ജയ്ഷെ മുഹമ്മദുമാണ് ടിആര്‍എഫ് പോലുള്ള സംഘടനകള്‍ക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെ തിരിച്ചടിച്ചു. തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും കൃത്യമായ മറുപടി നല്കി. പാകിസ്ഥാന് തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കിയിരുന്നു.ജമ്മു കശ്മീറിനെ തകര്‍ക്കാനുള്ള ശ്രമം ആയിരുന്നു. രാജ്യത്ത് വര്‍ഗീയത പടര്‍ത്താനും ശ്രമിച്ചു. ആ ശ്രമമങ്ങളെ രാജ്യം ചെറുത് തോല്പിച്ചു. ടിആര്‍എഫുമായി ബന്ധം ഇല്ലെന്ന് വരുത്താന്‍ പാകിസ്താന് പരമാവധി ശ്രമിച്ചു. പഹല്‍ഗാം ആക്രമണത്തില്‍ രാജ്യം ശക്തമായ നിലപാട് എടുത്തു. ഇന്ത്യ നയതന്ത്ര തലത്തില്‍ നടപടികള്‍ സ്വീകരിച്ചു. ഇന്നത്തെ തിരിച്ചടി അനിവാര്യം – വിക്രം മിസ്രി പറഞ്ഞു.




