Kerala

ഓണക്കാലത്ത് മായം ചേർത്ത പാൽ അതിർത്തികടന്നെത്തുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ പരിശോധന


ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് മായംചേ‌‌ർത്ത പാൽ കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടയാൻ സംസ്ഥാന അതിർത്തികളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന. സഞ്ചരിക്കുന്ന ലബോറട്ടറിയിലാണ് ഇത്തവണ പരിശോധന നടത്തുന്നത്. പാൽ ഉപയോഗം കൂടുന്ന ഓണക്കാലത്ത് ലക്ഷക്കണക്കിനു ലിറ്റർ പാലാണ് അതിർത്തി കടന്നെത്തുന്നത്.

മായം കലർന്ന പാൽ എത്തിക്കുന്നത് തടയാൻ സംസ്ഥാനത്തെ അ‌ഞ്ച് ചെക്കു പോസ്റ്റുകളിലാണ് ഇത്തവണ പരിശോധന നടത്തുന്നത്. കഴിഞ്ഞ വർഷം വരെ ക്ഷീരവികസന വകുപ്പമായി ചേർന്നായിരുന്നു പരിശോധന. എന്നാൽ ഇത്തവണ ഭക്ഷ്യ സുരക്ഷ വകുപ്പ് മാത്രമാണ് രംഗത്തുള്ളത്. പാലിന്റെ അസിഡിറ്റി, കൊഴുപ്പ്, പ്രിസർവേറ്റീവുകൾ, ന്യൂട്രലൈസറുകൾ, ആന്റി ബയോട്ടിക്കുകൾ എന്നിവയുടെ സാന്നിധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. പാൽ ഏറെ നേരം കേടാകാതരിക്കാൻ ഫോർമാലിൻ ചേർത്തിട്ടുണ്ടോയെന്നും കണ്ടെത്താം. ഒൻപത് തരത്തിലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നുണ്ട്.

ടാങ്കർ ലോറികൾക്കൊപ്പം ചെറിയ വാഹനങ്ങളിൽ കൊണ്ടുവരുന്നതും പായ്ക്കു ചെയ്തു വരുന്ന പാലും പരിശോധിക്കുന്നുണ്ട്. ഇതോടൊപ്പം അതിർത്തി കടന്നെത്തുന്ന പച്ചക്കറി ഉൾപ്പെടെയുള്ളവയുടെ സാമ്പിൾ ശേഖരിച്ച് കാക്കനാടുള്ള ലാബിലേക്ക് അയക്കുന്നുണ്ട്. ഓണം വരെ 24 മണിക്കൂറും ഭക്ഷ്യ സുരക്ഷ വിഭാഗം അതിർത്തികളിലുണ്ടാകും. എന്നാൽ ഓണക്കാലത്ത് മാത്രമുള്ള പാൽ പരിശോധന സ്ഥിരമാക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button