National

കെ.സി വേണുഗോപാലിന്റെ കൂരിയാട് സന്ദര്‍ശനത്തിന് പിന്നാലെ ഡല്‍ഹിയില്‍ പിഎസി യോഗം, എന്‍എച്ച്എഐ ചെയര്‍മാനെയടക്കം നിര്‍ത്തിപ്പൊരിച്ചു; പിന്നാലെ കൂട്ടനടപടി

കേരളത്തില്‍ ദേശീപാത തകര്‍ന്ന് ഒന്നര ആഴ്ചയോളമായിട്ടും നടപടിയെടുക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഇടപെടലിന് പിന്നാലെ ശക്തമായ നടപടിക്കൊരുങ്ങുന്നു. പിഎസി ചെയര്‍മാന്‍ കെ.സി.വേണുഗോപാലിന്റെ കൂരിയാട് സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയില്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെ യോഗം ചേരുകയും ഗതാഗത വകുപ്പിനോടും ദേശീയപാത അതോറിറ്റിയോടും വിശദീകരണം തേടുകയും കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പിഎസിയുടെ കര്‍ശന ഇടപെടലിനെ തുടര്‍ന്ന നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര ഉപരിതല ഗതാതഗത മന്ത്രി നിതിന്‍ ഗഡ്ക്കരി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

വരുന്ന ശനി,ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ എന്‍എച്ച്എഐ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം അടിയന്തരമായി കേരളം സന്ദര്‍ശിക്കാനും പിഎസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം എന്‍എച്ച്എഐ ചെയര്‍മാന്റെ കേരള സന്ദര്‍ശനത്തിന് മുന്നോടിയായിട്ട് നടപടിയെടുത്തിട്ടുണ്ട്. വീഴ്ചവരുത്തിയ പ്രോജക്ട് സൈറ്റ് എജന്‍ജിനിയറെ ദേശീയപാത അതോറിറ്റി പിരിച്ചുവിടുകയും അപകടമുണ്ടായ ഭാഗത്തിന്റെ ചുമതലയുള്ള പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡും ചെയ്തു.എന്‍എച്ച് 66ല്‍ കൂരിയാട് ഭാഗത്തെ അപകടത്തിന് കാരണം ഉയര്‍ന്ന പാര്‍ശ്വഭിത്തിയുടെ ഭാരം താങ്ങാനാവാതെ അടിത്തറമണ്ണ് ഇളകിമാറിയതാണെന്നും സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സവിശേഷത കണക്കിലെടുക്കാതെയുള്ള രൂപകല്‍പ്പനയും നിര്‍മ്മാണവും നടത്തിയതാണെന്നും പിഎസി ചെയര്‍മാന്‍ കെ.സി.വേണുഗോപാലിന്റെ സന്ദര്‍ശനത്തില്‍ ബോധ്യപ്പെട്ടിരുന്നു.

ഡല്‍ഹിയില്‍ ചേര്‍ന്ന പിഎസി യോഗത്തില്‍ ഗതാഗത സെക്രട്ടറി, എന്‍എച്ച്എഐ ചെയര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അക്ഷരാര്‍ത്ഥത്തില്‍ നിറുത്തിപ്പൊരിച്ചു. ഡിപിആര്‍ ഏതു രീതിയിലാണ്? റോഡിന്റെ ഡിസൈന്‍ ആരാണ് അന്തിമമാക്കിയത്? നിര്‍മ്മാണ കരാര്‍ കൊടുത്തത് ഏത് രീതിയിലാണ്? ഉപകരാര്‍ കൊടുത്തതില്‍ എന്തെങ്കിലും ഉപാധിയുണ്ടോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ പിഎസി ഉന്നയിച്ചു. അപ്പോഴാണ് റോഡിന്റെ രൂപകല്‍പ്പനയിലെയും നിര്‍മ്മാണത്തിലെയും അപകാതയെയും സംബന്ധിച്ച പാളിച്ചയും പിഴവും ഉദ്യോഗസ്ഥര്‍ സമ്മതിച്ചത്.

വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കും കരാര്‍ കമ്പനിയ്ക്കും എതിരെ കടുത്ത നടപടി വേണമെന്ന നിലപാട് അതോടെ പിഎസിയെടുത്തു. അതിനെ തുടര്‍ന്ന്
നിര്‍മാണക്കരാര്‍ ഏറ്റെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് 11.8 കോടി രൂപ പിഴയീടാക്കാതിരിക്കാനും ഒരുവര്‍ഷത്തേക്ക് ഡീബാര്‍ചെയ്യാതിരിക്കാനും കാരണംകാണിക്കണമെന്ന് ആവശ്യപ്പെട്ട് അതോറിറ്റി നോട്ടീസ് നല്‍കി. പദ്ധതിയുടെ സ്വതന്ത്ര എന്‍ജിനിയറായ ഭോപ്പാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റിനും നോട്ടീസ് നല്‍കി. 20 ലക്ഷം രൂപ പിഴയീടാക്കാതിരിക്കാനും ഒരുവര്‍ഷത്തേക്ക് ഡീബാര്‍ചെയ്യാതിരിക്കാനും കാരണംബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടാണിത്. ഇതിന്റെ ടീം ലീഡറെയും സസ്‌പെന്‍ഡ്‌ചെയ്തു.

കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ ചെയര്‍മാന്‍ കെ.സി.വേണുഗോപാല്‍ സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സവിശേഷത കണക്കിലെടുക്കാതെയുള്ള രൂപകല്‍പ്പനയാണ് കൂരിയാട് ഉള്‍പ്പെടെയുള്ള ദേശീയപാത അപകടത്തിന് കാണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി അപകടം സംഭവിച്ച ദിവസം തന്നെ വേണുഗോപാല്‍ കത്തുനല്‍കിയിരുന്നു. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. അതിനെ തുടര്‍ന്നാണ് പിഎസി ചെയര്‍മാന്‍ എന്ന നിലയില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് പ്രശ്നത്തില്‍ ഔദ്യോഗികമായി ഇടപെടാന്‍ തീരുമാനിച്ചത്.

കണ്‍സണ്‍ട്ടിംഗ് ഏജന്‍സിയും കരാര്‍ കമ്പനിയും നിര്‍മ്മാണത്തില്‍ ഗുരതരമായ വീഴ്ചയാണ് വരുത്തിയതെന്നും പ്രദേശവാസികളുമായിട്ടും ജനപ്രതിനിധികളുമായിട്ടും മുന്‍പരിചയമുള്ള വിദഗ്ധരുമായി വേണ്ടത്ര കൂടിയാലോചനയും ചര്‍ച്ചയും നടത്തിയില്ലെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. അത് ശരിവെയ്ക്കുന്ന നടപടി കൂടിയാണ് ഇപ്പോള്‍ ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

മുപ്പതിനായിരം കോടിയുടെ പദ്ധതിയായിട്ടും റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഉന്നതതല സാങ്കേതിക വിദഗ്ധ സംഘമില്ലെന്നത് നിര്‍ഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട പിഎസി നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന ദേശീയപാതയുടെ ബന്ധപ്പെട്ട കരാര്‍,ഡിസൈന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്താന്‍ സിആന്റ്എജിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളം സന്ദര്‍ശിക്കുന്ന എന്‍എച്ച്എഐ ചെയര്‍മാന്റെ നേതൃത്വത്തിലുള്ളസംഘം അപകടം ഉണ്ടായ സ്ഥലങ്ങള്‍ മാത്രമല്ല, സമാനമായ പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളും സന്ദര്‍ശിച്ച് പരിശോധന നടത്തി ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തി നിര്‍മ്മാണ ജോലികള്‍ മുന്നോട്ട് പോകണമെന്ന് കര്‍ശന നിര്‍ദ്ദേശമാണ് പിഎസി ദേശിയപാത അതോറിറ്റിക്ക് നല്‍കിയത്.

കൂടാതെ പാലക്കാട് ഐഐടി, സി.ആര്‍.ആര്‍.ഐ, ജി എസ് ഐ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് വിദഗ്ധസംഘത്തെ അപകടം നടന്ന സ്ഥലങ്ങള്‍ പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചുമതലപ്പെടുത്തി.നിര്‍മ്മാണത്തിലെ അപാകതകളെ കുറിച്ച് ഈ മൂന്നംഗ വിദഗ്ധ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും.നിര്‍മ്മാണത്തിന് ഉപകരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ സിആന്റ്എജിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് അനുസരിച്ച് തുടര്‍ നടപടിയെടുക്കുമെന്നും പിഎസി വ്യക്തമാക്കിയിട്ടുണ്ട്.അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ സവിശേഷ അധികാരമുള്ള സ്വന്തന്ത്ര ബോഡിയാണ് പാര്‍ലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button