National

നിങ്ങളുടെ ഭാര്യയെ ആദ്യം സിന്ദൂരമണിയിക്കൂ; മോദിയോട് മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പ്രധാനമന്ത്രിയും ബിജെപിയും തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അസത്യം ഉപയോഗിച്ച് രാജ്യത്തെ വിഭജിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും മമത കടന്നാക്രമിച്ചു. പശ്ചിമബംഗാളിലെ റാലിയില്‍ മോദി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് എതിരെയായിരുന്നു മമതയുടെ പ്രതികരണം.

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപി. സാംസ്‌കാരിക പ്രചാരണങ്ങളെ മോദി രാഷ്ട്രീയവത്കരിക്കുകയാണ്. കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൈവരിക്കാനാണ് സൈനിക നടപടിക്ക് മോദി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടത്’. മമത തുടർന്നു, ‘ നരേന്ദ്ര മോദി, നിങ്ങൾ സ്ത്രീകള്‍ക്ക് സിന്ദൂരം നല്‍കി അപമാനിക്കരുത്. സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് മാത്രമേ സിന്ദൂരം സ്വീകരിക്കൂ. അവര്‍ എന്തിനാണ് അത് നിങ്ങളില്‍ നിന്ന് വാങ്ങേണ്ടത്? എന്തുകൊണ്ടാണ് നിങ്ങള്‍ ആദ്യം നിങ്ങളുടെ സ്വന്തം ഭാര്യക്ക് സിന്ദൂരം അണിയിക്കാത്തത് ‘ മമത ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. അക്രമവും അഴിമതിയും നിയമരാഹിത്യവും മൂലം സംസ്ഥാനത്തെ ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും പശ്ചിമബംഗാളിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു. ബിജെപിയുടെ വികസന മോഡല്‍ വരാനായാണ് അവര്‍ കാത്തിരിക്കുന്നതെന്നും മോദി പറഞ്ഞു. അലിപുര്‍ദുവാറില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button