കേരള തീരത്തെ പുറംകടലിൽ കത്തിയ ‘വാൻ ഹായ്’ കപ്പലിൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും തീ ഉയർന്നത് ആശങ്കയ്ക്ക് വഴിവച്ചു. വീണ്ടും തീ ഉയർന്നതോടെ കപ്പലിനെ വലിച്ചുകൊണ്ടുപോകുന്ന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. തീ പൂർണമായി അണച്ച ശേഷം ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്ന കാര്യം ഇതോടെ അനിശ്ചിതത്വത്തിലായി.
ആഫ്രിക്കൻ രാജ്യങ്ങളിലെ ഏതെങ്കിലും തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്നതിനെക്കുറിച്ചാണ് ഡിജി ഷിപ്പിങ് ഇപ്പോൾ ആലോചിക്കുന്നത്. അഡ്വാന്റിസ് വിർഗോ ടഗ്ഗിന്റെ സഹായത്തോടെ ഇതിനകം തീ കെടുത്താനുള്ള രാസമിശ്രിതം 12,000 ലിറ്ററോളം ഉപയോഗിച്ചു. 3000 ലിറ്ററോളം മിശ്രിതമാണ് ഇനി ബാക്കിയുള്ളത്. ആവശ്യമാണെങ്കിൽ കൂടുതൽ രാസമിശ്രിതം സിങ്കപ്പൂരിൽ നിന്ന് എത്തിക്കാനാണ് അധികൃതരുടെ ശ്രമം.
കപ്പലിലെ 243 കണ്ടെയ്‌നറുകളിൽ വെളിപ്പെടുത്താത്ത വസ്തുക്കൾ ഉള്ളതായാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ കണ്ടെത്തൽ. രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപ്പിടിത്തമുണ്ടാകുന്നത് ഇതു മൂലമാണെന്നാണ് അവരുടെ നിഗമനം . അതേസമയം താഴത്തെ അറയിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെയുള്ള തീപ്പിടിക്കാന്‍ സാധ്യതയുള്ള രാസവസ്തുക്കളെ കുറിച്ച് കപ്പല്‍ കമ്പനി വിവരം മറച്ചുവെച്ചതാണ് വീണ്ടും തീപ്പിടിത്തത്തിന് കാരണമായതെന്ന് കരുതുന്നു. സ്ഥിതിഗതികള്‍ ഷിപ്പിംഗ് മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. രണ്ടായിരത്തിലേറെ ലിറ്റർ എണ്ണയും കപ്പലിലുണ്ട്. ഇന്ത്യന്‍ തീരത്തുനിന്ന് 88 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് കഴിഞ്ഞ മാസമാണ് വാന്‍ ഹായ് കപ്പല്‍ തീപ്പിടിച്ച് അപകടത്തില്‍പ്പെട്ടത്. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖല വരുന്ന 200 നോട്ടിക്കല്‍ മൈല്‍ ദൂരത്തിനു പുറത്തെത്തിക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ കപ്പൽ കൊണ്ടുപോയിരുന്നില്ല