KeralaNews

ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം: എഫ്‌സിആര്‍എ നിയമ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ

വിവിധ ക്രൈസ്തവസഭകളുടെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ വിദേശസംഭാവനാ നിയന്ത്രണനിയമ (എഫ്സിആര്‍എ) ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. ക്രൈസ്തവസഭകൾക്ക് സ്വാധീനമുള്ള കേരളത്തിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിൽ പാസാക്കാനുള്ള കേന്ദ്രനീക്കത്തെ പ്രതിപക്ഷം ശക്തിയായി എതിർക്കും. എന്നാൽ, ബില്ലിലൂടെ മതസംഘടനകളെ ലക്ഷ്യം വെക്കുന്നു എന്ന വാദം തെറ്റാണെന്നാണ് കേന്ദ്രം പറയുന്നത്.

രാജ്യസുരക്ഷയ്ക്കും രാജ്യതാത്പര്യത്തിനുമെതിരേ വിദേശഫണ്ടുകൾ ഉപയോഗിക്കുന്നത് തടയാനാണ് ബിൽ. അല്ലാതെ ഏതെങ്കിലും മതസംഘടനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും ഇന്ത്യയിലേക്കുള്ള വിദേശ ഫണ്ടിങ്ങിന് വ്യക്തമായ ക്രമീകരണം വരുത്താൻ ഉദ്ദേശിച്ചാണ് ഭേദഗതി കൊണ്ട് വരുന്നതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം പറഞ്ഞത്.

എന്നാൽ, എഫ്‌സിആര്‍എ നിയമ ഭേദഗതിയില്‍ ക്രൈസ്തവസഭകൾ വലിയ എതിർപ്പിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ബില്ലില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പുനഃപരിശോധന വേണമെന്നുമാണ് സിബിസിഐയുടെ ആവശ്യം. അമിത്ഷായ്ക്ക് പുറമെ മുഴുവന്‍ ലോക്സഭ, രാജ്യസഭ എംപിമാര്‍ക്കും നിവേദനം നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണം നിറുത്തി കേരളത്തിലെ എംപിമാര്‍ ഡല്‍ഹിയിലെത്തി വിഷയത്തില്‍ ഇടപെടണം. ബില്‍ നിയമമായാല്‍ കോടതിയെ സമീപിക്കും. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നതാണ്. ബില്‍ നിയമമായാല്‍ കോടതിയെ സമീപിക്കുമെന്നും സിബിസിഐ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button