ജസീലയുടെ മരണത്തില്‍ പരാതി നല്‍കി കുടുംബം

കാസര്‍കോട്: കാസര്‍കോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി കുടുംബം. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താന്‍ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തില്‍ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചിച്ചെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ലെന്നും ജസീലയുടെ വീഡിയോയില്‍ പറയുന്നു. വളരെ ദുഖകരമായ അവസ്ഥയിലൂടെയാണ് ജസീലയുടെ കുടുംബം കടന്നുപോകുന്നത്. ജസീലയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഒന്‍പതര പവന്‍ നഷ്ടപ്പെട്ടു എന്ന പരാതി വരുന്നത്. ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജസീലയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ജസീലയുെട പങ്ക് തെളിയിക്കാനായില്ല.
സംഭവത്തില്‍ എഫ്‌ഐആര്‍ തയ്യാറാക്കിയില്ലെന്ന് ആദൂര്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിളിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. സുഹൃത്ത് വിളിച്ചതിനെ തുടര്‍ന്നാണ് ജസീല അവരുടെ വീട്ടില്‍ പോയതെന്ന് ഉമ്മ പറയുന്നു. അവരുടെ വീട്ടില്‍ നിന്ന് സ്വര്‍ണം കാണാതായതിനെ തുടര്‍ന്ന് ജസീലയാണ് എടുത്തതെന്ന് ആരോപിച്ച് വീട്ടിലെത്തി ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഉമ്മ പറയുന്നു. ആറും നാലും വയസുളള രണ്ട് കുട്ടികളുണ്ട്. ഉമ്മ മരിച്ചതറിയാതെ കുഞ്ഞുങ്ങള്‍ അമ്മയെവിടെയെന്ന് ചോദിക്കുന്നതായും ജസീലയുടെ ഉമ്മയുടെ വാക്കുകള്‍.
താനല്ല ഇത് ചെയ്തതെന്ന് ഖുറാനില്‍ തൊട്ട് ജസീല സത്യം ചെയ്തിരുന്നു. എന്നിട്ടും അവരൊന്നും വിശ്വസിച്ചില്ല. ഭര്‍ത്താവിന്റെ കുടുംബവും വലിയ രീതിയില്‍ ജസീലക്കെതിരെ ആക്ഷേപമുന്നയിച്ചു. ഈ സംഭവങ്ങളെ തുടര്‍ന്ന് വലിയ മാനസിക വിഷമത്തിലായ ജസീല കഴിഞ്ഞ ഞായറാഴ്ചയാണ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് കുടുംബം പറയുന്നു. സ്വര്‍ണം കാണാതായതിലും അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിക്കുന്നു.




