
ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഏഴു പേര് കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തില്‍ പൊലീസ് സ്റ്റേഷന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനത്തില്‍ തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
‘വൈറ്റ് കോളര്‍’ തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട കേസില്‍ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ സാമ്പിള്‍ എടുക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. ഇന്നലെ രാത്രിയാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. പരിക്കേറ്റവരിലേറെയും പൊലീസുകാരും ഫൊറന്‍സിക് സംഘാംഗങ്ങളുമാണ്. മൂന്ന് സാധാരണക്കാരും പരിക്കേറ്റവരിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ സമീപത്തെ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ എട്ട് പേരില്‍ ഒരാളായ ഡോ. മുസമ്മില്‍ ഗനായിയുടെ ഫരീദാബാദിലെ വാടക വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 360 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് ജമ്മു കശ്മീര്‍ പൊലീസ് ഇവിടേക്ക് കൊണ്ടുവന്നത്.




